ന്യൂഡല്‍ഹി: വയനാട്ടുകാര്‍ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ സഹോദരിയേക്കാൾ മികച്ചൊരു പ്രതിനിധിയെ വയനാട്ടില്‍ നിന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നാളെ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെ ജനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വയനാട്ടിലെ ജനങ്ങൾക്ക് തന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്, അവർക്ക് തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയേക്കാൾ മികച്ച ഒരു പ്രതിനിധിയെ സങ്കൽപ്പിക്കാൻ കഴിയില്ല. വയനാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക നിലകൊള്ളും, തന്‍റെ സഹോദരി പാർലമെന്‍റിലെ ശക്തമായ ശബ്‌ദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
ഒരുമിച്ച് നിന്ന് വയനാടിനെ സ്‌നേഹത്തോടെ പ്രതിനിധീകരിക്കുന്നത് നമുക്ക് തുടരാമെന്നും അദ്ദേഹം കുറിച്ചു. റായ്ബറേലിയിലും വയനാട്ടിലും നിന്നുമായി രണ്ട് കോണ്‍ഗ്രസ് എംപിമാരെ ലഭിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
The people of Wayanad hold a special place in my heart, and I can’t imagine a better representative for them than my sister, @priyankagandhi.
— Rahul Gandhi (@RahulGandhi) October 22, 2024
I’m confident she will be a passionate champion of Wayanad’s needs and a powerful voice in Parliament.
Join us tomorrow, 23rd October,… pic.twitter.com/Pe4GVUhGXL
'പ്രിയങ്ക വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വയനാട്ടിലെ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ വയനാട്ടിലെ സ്ഥിരം സന്ദർശകനായിരിക്കും, വയനാട്ടിലെ ജനങ്ങൾക്ക് എപ്പോഴും എന്നെ സമീപിക്കാം, വയനാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ തയ്യാറാണ്. റായ്ബറേലിയുമായി എനിക്ക് പഴയ ബന്ധമുണ്ട്, അവിടെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അത് കഠിനമായ തീരുമാനമായിരുന്നു,' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പിച്ച് രാഹുല്‍:
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിൽ പ്രിയങ്ക വിജയിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണ്, അവർ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്.
വയനാട്ടിലെ ജനങ്ങൾ രണ്ട് പാർലമെന്‍റ് അംഗങ്ങളെയാണ് നല്‍കാൻ പോകുന്നത്, ഒന്ന് ഞാനും ഒന്ന് തന്‍റെ സഹോദരിയുമാണ്. തന്‍റെ വാതിലുകൾ വയനാട്ടിലെ ജനങ്ങൾക്കായി എപ്പോഴും തുറന്നിരിക്കുന്നു, വയനാട്ടിലെ ഓരോ വ്യക്തിയെയും താൻ സ്നേഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രിയങ്ക ഗാന്ധി നാളെ (ഒക്‌ടോബര്‍ 23) നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കും. 12 മണിക്ക് ജില്ലാ കലക്‌ടർക്ക് മുമ്പാകെ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് രാവിലെ 11 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡിൽ നിന്ന് രാഹുലും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും നാളെ വയനാട്ടില്‍ എത്തും.
പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. സോണിയ ഗാന്ധിക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയ നേതാക്കളും വയനാട്ടിലെത്തും.