ചണ്ഡിഗഢ്: ഭര്‍ത്താവിന് അനുകൂലമായി കുടുംബകോടതി അനുവദിച്ച വിവാഹമോചനത്തിന് ചണ്ഡിഗണ്ഡ് -പഞ്ചാബ് ഹൈക്കോടതിയുടെ അംഗീകാരം. ഭര്‍ത്താവിനെ 'ഹിജഡ' എന്ന് വിളിക്കുന്നത് മാനസിക ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലൈയില്‍ കുടുംബ കോടതി ഭര്‍ത്താവിന് അനുകൂലമായി നല്‍കിയ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയില്‍ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസുമാരായ സുധീര്‍ സിങ്, ജസ്‌ജിത് സിങ് ബേഡി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. അമ്മയെ ഹിജഡയ്‌ക്ക് ജന്മം നല്‍കിയ സ്‌ത്രീയെന്നും ഭാര്യ അധിക്ഷേപിച്ചുവെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതും ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. അത് കൊണ്ട് തന്നെ ഈ വൈവാഹിക ബന്ധം വിളക്കിച്ചേര്‍ക്കാനാകാത്ത വിധം മുറിഞ്ഞ് പോയെന്ന് വേണം കരുതാനെന്നും കോടതി പറഞ്ഞു. 2017 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവാണ് വിവാഹമോചന നടപടികള്‍ ആരംഭിച്ചത്.
ഭാര്യ വൈകിയേ ഉണരാറുള്ളൂ. ഉച്ചഭക്ഷണവും മറ്റും മുകള്‍ നിലയിലുള്ള മുറിയിലെത്തിക്കാന്‍ തന്‍റെ അമ്മയോട് ആവശ്യപ്പെടും. ദിവസം നാലഞ്ച് തവണ പല ആവശ്യങ്ങളുന്നയിച്ച് തന്‍റെ അമ്മയെ മുകളിലെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നുവെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. അമ്മ വാതരോഗിയാണെന്ന കാര്യം പരിഗണിക്കാതെയാണിത്.
ഭാര്യ നീലച്ചിത്രങ്ങള്‍ കാണുന്ന ആളാണെന്നും താന്‍ ശാരീരികമായി യോഗ്യനല്ലെന്ന് ആക്ഷേപിക്കാറുണ്ടെന്നും ഭര്‍ത്താവിന്‍റെ പരാതിയില്‍ പറയുന്നു. മറ്റാരെയെങ്കിലും വിവാഹം കഴിക്കണമെന്ന താത്‌പര്യവും അവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. താന്‍ നീലച്ചിത്രങ്ങള്‍ കാണുന്നുവെന്ന വാദം തെളിയിക്കാന്‍ യാതൊന്നും ഹാജരാക്കാന്‍ ഭര്‍ത്താവിന് സാധിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭര്‍തൃവീട്ടുകാര്‍ തനിക്ക് വിഷം നല്‍കിയിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു മന്ത്രവാദിയില്‍ നിന്ന് കിട്ടിയ തകിട് തന്‍റെ കഴുത്തില്‍ കെട്ടിയെന്നും ഇതിലൂടെ തന്നെ നിയന്ത്രിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ക്ക് സാധിച്ചിരുന്നുവെന്നും അവര്‍ വാദിച്ചു.
ഭാര്യയുടെ ന്യായവാദങ്ങളൊന്നും കുടുംബ കോടതി മുഖവിലക്കെടുത്തിരുന്നില്ലെന്ന് ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുന്നതിനാല്‍ വീണ്ടും ഒന്നിക്കുന്നതിനുള്ള യാതൊരു സാധ്യതയുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിവാഹമെന്നതിന്‍റെ യാതൊരു തത്വങ്ങളും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് പോകുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബ കോടതിയുടെ കണ്ടെത്തലുകള്‍ ശരിയാണെന്നും വിവാഹമോചന നടപടി ശരിവയ്ക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read: ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി