ഹൈദരാബാദ്: ഉദ്യോഗാർഥി മരിച്ച് നാല് വർഷങ്ങൾക്ക് ശേഷം ജോലിക്കായുള്ള അവസാന പരീക്ഷ എഴുതാൻ ആവശ്യപ്പെട്ട് കോൾ ലെറ്റർ ലഭിച്ചു. മഞ്ചര്യാല ജില്ലയിലാണ് സംഭവം. 2018 ൽ എൻപിഡിസിഎല്ലിൽ ജൂനിയർ ലൈൻമാൻ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികൾക്കായി ഒരു എഴുത്തുപരീക്ഷ നടത്തിയിരുന്നു. പിന്നീട് ചില കാരണങ്ങളാൽ ആ വിജ്ഞാപനത്തിൽ പറയുന്ന ചില ജോലികൾ നൽകിയിരുന്നില്ല.
മിച്ചമുള്ള തസ്‌തികകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതായി റിപ്പോർട്ടും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെറിറ്റ് അനുസരിച്ചുള്ള നിയമന നടപടികൾ ഉദ്യോഗസ്ഥർ ആരംഭിച്ചത്. നിലവിൽ, ശേഷിക്കുന്ന തസ്‌തികകൾ നികത്താൻ സംഘടന മെറിറ്റ് ലിസ്‌റ്റ് തയ്യാറാക്കുകയും അവസാന പരീക്ഷയായ പില്ലർ ക്ലൈംബിങ് പരീക്ഷയ്ക്കുള്ള അപേക്ഷകരുടെ മെറിറ്റ് ലിസ്‌റ്റ് തയ്യാറാക്കുകയും ചെയ്‌തു.
ആ ലിസ്‌റ്റിൽ നാല് വർഷം മുൻപ് മരണപ്പെട്ട ജീവൻ കുമാറിന്‍റെ പേരുമുണ്ടായിരുന്നു. അങ്ങനെ ഫൈനൽ പരീക്ഷ എഴുതാൻ തപാൽ വഴി ഒരു കോൾ ലെറ്റർ ജീവൻ കുമാറിന് അയച്ചു. എന്നാൽ യുവാവ് മരിച്ചിട്ട് നാല് വർഷമായി എന്നറിഞ്ഞ് പോസ്‌റ്റ്‌മാൻ കോൾ ലെറ്റർ തിരിച്ചയച്ചു. കുടുംബപ്രശ്‌നങ്ങളും ജോലിയില്ലായ്‌മയും മൂലം 2020 മാർച്ച് 15 നാണ് ജീവന്‍ കുമാർ ആത്മഹത്യ ചെയ്‌തത്.