ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിന്‍റെ ഐക്യം തെളിയിക്കാനുള്ള അഗ്നിപരീക്ഷയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപിയുടെ നെഞ്ചില്‍ വലിയൊരു ആണിയുമടിച്ചാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 40-ല്‍ അധികം സീറ്റുകൾ ഇന്ത്യ സഖ്യം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
അതേസമയം, ഉപതെരഞ്ഞെടുപ്പിന് സീറ്റ് പങ്കിടൽ കരാർ ഉറപ്പിക്കാൻ സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 10 സീറ്റുകളിൽ അഞ്ച് സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ എസ്‌പി ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഇരുപാർട്ടികളിലെയും നേതാക്കൾ പറയുന്നു.
'തെരഞ്ഞെടുപ്പ് നടക്കുന്ന 10 നിയമസഭ സീറ്റുകളിലും പാർട്ടി സംവിധാൻ ബച്ചാവോ സമ്മേളനം (ഭരണഘടന സംരക്ഷണ സമ്മേളനം) നടത്തുകയാണ്. അത്തരത്തിലുള്ള രണ്ട് സമ്മേളനങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. 10 സീറ്റുകളിലും ഗ്രൗണ്ട് വർക്കുകളും നടക്കുന്നുണ്ട്.'- ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സഖ്യം തുടരുന്നുണ്ടോ എന്ന ചോദ്യത്തിന് അത് പ്രതീക്ഷിക്കപ്പെടുന്ന ഒന്നല്ല, മറിച്ച് 100 ശതമാനം ഉറപ്പുള്ള ഒന്നാണ് എന്നായിരുന്നു റായിയുടെ മറുപടി.
കടേഹാരി (അംബേദ്‌കർ നഗർ), കർഹാൽ (മെയിൻപുരി), മിൽകിപൂർ (അയോധ്യ), മീരാപൂർ (മുസാഫർനഗർ), ഗാസിയാബാദ്, മജവാൻ (മിർസാപൂർ), സിഷാമൗ (കാൻപൂർ സിറ്റി), ഖൈർ (അലിഗഡ്), ഫുൽപൂർ ( പ്രയാഗ്‌രാജ്), കുന്ദർക്കി (മൊറാദാബാദ്) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അസംബ്ലി സീറ്റുകൾ.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എസ്‌പി എംഎൽഎ ഇർഫാൻ സോളങ്കിയെ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് സിഷാമൗ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് 9 സീറ്റുകളിലേയും എംഎൽഎമാർ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിമാരായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ച സീറ്റുകളായ മജ്‌വ (മിർസാപൂർ), ഫുൽപൂർ (അലഹബാദ്), ഗാസിയാബാദ്, ഖൈർ (അലിഗഡ്), മീരാപൂർ (മുസാഫർനഗർ) എന്നിവിടങ്ങളില്‍ മത്സരിക്കാൻ നേതൃത്വത്തിന് തങ്ങൾ നിർദേശം നൽകിയതായി റായ് പറഞ്ഞു. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ സിസാമാവു, കതേഹാരി, കർഹാൽ, മിൽകിപൂർ, കുന്ദർക്കി സീറ്റുകൾ എസ്‌പി നേടിയിരുന്നു. ഫുൽപൂർ, ഗാസിയാബാദ്, മജവാൻ, കാഹിർ എന്നിവിടങ്ങളിൽ ബിജെപിയാണ് വിജയിച്ചത്. അതേസമയം മീരാപൂർ സീറ്റ് ആർഎൽഡിയുടെ കൈവശമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിലെ സമാജ്‌വാദി പാർട്ടിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് ആറ് സീറ്റുകളും ലഭിച്ചു. ബിജെപി 33 സീറ്റുകളും നേടി. (2019-ൽ ബിജെപി 62 സീറ്റുകള്‍ നേടിയിരുന്നു). എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി), അപ്നാ ദൾ (സോനേലാൽ) എന്നിവർക്ക് യഥാക്രമം രണ്ടും ഒരു സീറ്റും ലഭിച്ചു. ആസാദ് സമാജ് പാർട്ടിയും ഒരു സീറ്റ് നേടിയിരുന്നു.
തെരഞ്ഞെടുപ്പിന് പൂർണ്ണമായും തയ്യാറാണെന്നും സീറ്റ് വിഭജനം ഒരുമിച്ച് ഇരുന്ന് തീരുമാനിക്കുമെന്നുമാണ് എസ്‌പി മുഖ്യ വക്താവും ദേശീയ സെക്രട്ടറിയുമായ രാജേന്ദ്ര ചൗധരി പ്രതികരിച്ചത്. ഇത്തവണ ബിജെപിക്ക് പോളിങ് ബൂത്തിൽ അനാവശ്യമായി ഒന്നും ചെയ്യാൻ കഴിയില്ല. ബൂത്ത് തലം വരെയുള്ള ഒരുക്കങ്ങൾ തങ്ങള്‍ നടത്തുകയാണ്. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തമാക്കുന്നതിനാണ് ഊന്നൽ നൽകുന്നത് എന്നും ചൗധരി വ്യക്തമാക്കി.
എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് കന്നൗജിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കർഹാൽ സീറ്റ് ഒഴിഞ്ഞത്. എസ്‌പിയുടെ ലാൽജി വർമ അംബേദ്‌കർ നഗർ ലോക്‌സഭ സീറ്റിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കഠേഹാരി സീറ്റ് ഒഴിഞ്ഞു.
എസ്‌പി നേതാവ് അവധേഷ് പ്രസാദ് അയോധ്യയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം മിൽകിപൂർ സീറ്റില്‍ നിന്ന് രാജിവെച്ചു. സംഭാൽ ലോക്‌സഭ സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്പി നേതാവ് സിയാ ഉർ റഹ്മാൻ ബാർക്കിന്‍റെയായിരുന്നു കുന്ദർക്കി നിയമസഭ സീറ്റ്. ബിജ്‌നോറിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാഷ്‌ട്രീയ ലോക്ദളിലെ ചന്ദൻ ചൗഹാൻ മീരാപൂർ നിയമസഭ സീറ്റിൽ നിന്ന് രാജിവെച്ചു.
ബിജെപിയുടെ അതുൽ ഗാർഗ് ഗാസിയാബാദ് ലോക്‌സഭ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗാസിയാബാദ് സീറ്റ് ഒഴിഞ്ഞത്. ഭദോഹിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ വിനോദ് കുമാർ ബിന്ദ് മിർസാപൂരിൽ നിന്ന് രാജിവച്ചു. പാർട്ടി നേതാവ് അനൂപ് പ്രധാൻ ബാൽമീകി എന്ന അനൂപ് സിങ് അലിഗഡിലെ ഖൈർ നിയമസഭ സീറ്റിലാണ് വിജയിച്ചത്.
ഇതോടെ ഹത്രാസ് ലോക്‌സഭ സീറ്റിൽ നിന്ന് അനൂപ് സിങ് രാജിവെച്ചു. പ്രയാഗ്‌രാജിലെ ഫുൽപൂർ നിയമസഭ സീറ്റിൽ നിന്ന് ബിജെപിയുടെ പ്രവീൺ പട്ടേലും രാജിവെച്ചു. അതേസമയം ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടില്ല.