ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉള്‍പ്പടെയുള്ള കേസുകള്‍ നേരിടുന്ന ബൈജൂസ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും കമ്പനിയില്‍ നിന്ന് പുറത്താക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഇന്ന് നടക്കുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിങ്ങില്‍ (ഇജിഎം) ബൈജു രവീന്ദ്രനും മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുക്കില്ലെന്ന് ബൈജൂസിന്‍റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി ആക്‌ട് 2013 പ്രകാരം ഇപ്പോള്‍ നടക്കുന്ന ഇജിഎം അസാധുവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു രവീന്ദ്രന്‍ മീറ്റിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ബൈജു രവീന്ദ്രനോ മറ്റേതെങ്കിലും ബോർഡ് അംഗമോ ഈ അസാധുവായ ഇജിഎമ്മില്‍ പങ്കെടുക്കില്ലെന്ന് ബൈജൂസ് വക്താവ് പറഞ്ഞു.
ബൈജു രവീന്ദ്രനും മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുക്കാത്ത സാഹചര്യത്തില്‍ മീറ്റിങ് വിളിച്ചാല്‍ യോഗത്തിന് മതിയായ ആളുകള്‍ ഉണ്ടാവില്ല. അജണ്ട ചർച്ച ചെയ്യാനോ വോട്ടുചെയ്യാനോ സാധിക്കില്ല. മീറ്റിങ് ഷെഡ്യൂൾ ചെയ്‌ത് അരമണിക്കൂറിനുള്ളിൽ മതിയായ ആളുകളില്ലെങ്കില്‍ നിയമ പ്രകാരം ഇജിഎം ആരംഭിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൈജു രവീന്ദ്രൻ, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവർക്ക് കമ്പനിയുടെ 26 ശതമാനം ഓഹരികളുണ്ട്. ഇവരെ പുറത്താക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് കമ്പനിയിൽ 30 ശതമാനം ഓഹരികളാണുള്ളത്.
ഓഹരി ഉടമകള്‍ മീറ്റിങ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബൈജൂസ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാല്‍ ഇജിഎം നടത്താന്‍ അനുവദിച്ച കോടതി, മീറ്റിങ്ങില്‍ പാസാക്കുന്ന പ്രമേയങ്ങൾ നടപ്പാക്കുന്നത് മാർച്ച് 13 ന് അന്തിമ വാദം കേട്ടതിന് ശേഷം മാത്രം മതിയെന്ന് നിര്‍ദേശിച്ചു.
എന്നാല്‍ ഇജിഎം നിയമാനുസൃതമാണെന്നും മീറ്റിങ്ങ് മുന്‍ തീരുമാനിച്ച പ്രകാരം നടക്കുമെന്നും നിക്ഷേപകര്‍ അറിയിച്ചു. സ്ഥാപകർ പങ്കെടുത്തില്ലെങ്കിൽ ഇജിഎമ്മിന് മതിയായ ആളുകള്‍ ഉണ്ടാകില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.