ഹൈദരാബാദ് : വ്യവസായിയെ കബളിപ്പിച്ച് തട്ടിപ്പ് സംഘം കവര്‍ന്നത് 7.18 കോടി രൂപ. ഹൈദരാബാദിലെ കൊണ്ടാപൂരിൽ താമസിക്കുന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :
42 കാരനായ വ്യവസായി, ദേവരകൊണ്ടയിൽ ഒരു ഹാർഡ്‌വെയർ സ്‌റ്റോര്‍ നടത്തുകയായിരുന്നു. 2019-ൽ ഇതേ പ്രദേശത്തുള്ള ഘണ്ട യാദയ എന്ന ഗിരിയുമായി പരിചയത്തിലായി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു.
2023 ഓഗസ്‌റ്റിൽ, ഗിരി വ്യവസായിക്ക് മുന്നില്‍ ഒരു പുതിയ ആശയം അവതരിപ്പിച്ചു. നൽഗൊണ്ട ജില്ലയിലെ ഹാലിയ മണ്ഡലത്തിലെ അനുമൂല ഗ്രാമത്തിലെ സ്വാമിജി കേതാവത് ദേവ്‌സിങ് നായിക് റാത്തോഡിനെ തനിക്കറിയാമെന്ന് ഗിരി വ്യവസായിയോട് പറഞ്ഞു. അദ്ദേഹത്തിൻ്റെ 40 രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ശിഷ്യന്മാർ കോടികളുടെ സംഭാവനകൾ അയക്കുന്നുണ്ട്. ഇതിന് മുൻകൂറായി നികുതി അടച്ചാൽ പണത്തിന്‍റെ 30 ശതമാനം ഓഹരി ലഭിക്കുമെന്നായിരുന്നു വിവരം. 19.5 കോടി രൂപ റിലീസിന് തയ്യാറാണെന്ന് കാട്ടി വ്യാജ ആർബിഐ രേഖകളും ഗിരി ഇദ്ദേഹത്തെ കാണിച്ചു.
കഴിഞ്ഞ വർഷം, യുകെയിൽ നിന്നുള്ള വിദേശ പ്രതിനിധി അഗസ്‌റ്റിൻ ഹൈദരാബാദിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വരുന്നുണ്ടെന്ന് ഗിരി വ്യവസായിയെ അറിയിച്ചു. പിന്നീട്, ഹൈദരാബാദ് വിമാനത്താവളത്തിൽ അഗസ്‌റ്റിനെ കസ്‌റ്റംസ് തടഞ്ഞു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. റാത്തോഡിന് (സ്വാമിജി) വേണ്ടി കൊണ്ടുവരികയായിരുന്ന 15 കോടി രൂപ വിലമതിക്കുന്ന യുഎസ് ഡോളർ കസ്‌റ്റംസ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയതായും വ്യവസായിയെ വിശ്വസിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 16-ന് അഗസ്‌റ്റിൻ വ്യവസായിയെ വിളിച്ചിരുന്നു. തന്‍റെ അഭിഭാഷകനാണെന്ന് പറഞ്ഞ് മോർഗന്‍ എന്നയാളെ പരിചയപ്പെടുത്തി. തന്‍റെ മാനേജരായി ജോർജി എന്ന ബിസിനസുകാരനെയും പരിചയപ്പെടുത്തി. ഡോളറുകൾ വിട്ടുനൽകാനുള്ള പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകളും വ്യവസായിക്ക് നൽകി.
പിന്നീട് ജോർജി ഫോൺ വിളിച്ചാണ് പണം നല്‍കേണ്ടത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. എത്ര വേഗത്തിൽ പണം അടക്കുന്നോ അത്രയും വേഗം ഡോളർ നൽകാമെന്ന് വ്യവസായിയെ ചെയ്‌തു.
കഴിഞ്ഞ മാസം, റാത്തോഡ് (സ്വാമിജി) വ്യവസായിയെ വിളിച്ച് ഡൽഹിയിലേക്ക് വരാൻ നിര്‍ദേശിച്ചു. ഇവിടെയെത്തിയ വ്യവസായിയോട് രണ്ട് കോടി രൂപ റിലീസിന് തയ്യാറാണെന്ന് പറഞ്ഞു. റാത്തോഡിന് അഞ്ച് ഗഡുക്കളായി 3-4 ലക്ഷം രൂപ നികുതിയിനത്തിൽ വ്യവസായി നിക്ഷേപിച്ചു. ദിവസങ്ങൾ പിന്നിട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വ്യവസായി ഈ മാസം 13-ന് ഗിരിയെയും കൂട്ടി ഡൽഹിയിലെത്തി റാത്തോഡിനെ കണ്ടു.
ഏഴ് ലക്ഷം രൂപ കൂടി നികുതി നൽകാനുണ്ടെന്ന് റാത്തോഡ് വ്യവസായിയോട് പറഞ്ഞു. താന്‍ ഉടൻ തന്നെ ദേശീയ ജൂട്ട് ബോർഡ് ചെയർമാനായി നോമിനേറ്റ് ചെയ്യപ്പെടുമെന്നും പദവി ലഭിച്ചാല്‍ പിടിച്ചുവെച്ച തുക പുറത്ത് വിടുന്നത് എളുപ്പമാകുമെന്നും റാത്തോഡ് വ്യവസായിയോട് പറഞ്ഞു. ഇതിന് സഹായിക്കുന്ന സുനിൽ കുമാര്‍ എന്നയാളുെട ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യാൻ വ്യവസായിക്ക് നിർദേശം നൽകി.
ഇതുവരെ 14 ഗഡുക്കളായി 40 ലക്ഷം രൂപയാണ് സുനിൽ കുമാറിന് വ്യവസായി അയച്ചു നല്‍കിയത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 16 മുതൽ ഈ മാസം 3 വരെ 280 ഇടപാടുകളിലൂടെ മൊത്തം 7,18,11,016 രൂപ വ്യവസായി ഗിരി-റാത്തോഡ് സംഘത്തിന് കൈമാറി. സംഘത്തിൽ നിന്ന് കൃത്യമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ സൈബർ സെക്യൂരിറ്റി ബ്യൂറോ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.