ജമ്മു : ജമ്മു ജില്ലയിലെ അഖ്‌നൂരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. ജമ്മു-പൂഞ്ച് ഹൈവേയിൽ അഖ്‌നൂരിലെ ചുംഗി മർ പ്രദേശത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ബസ് ഏറെ ആഴമുള്ള തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ പത്തിലധികം പേർ മരിച്ചതായാണ് വിവരം.
80ൽ അധികം ആളുകളാണ് അപകടസമയം ബസിൽ ഉണ്ടായിരുന്നത്. 30-ലധികം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി അഖ്‌നൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അപകടത്തിൽപ്പെട്ടവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.