ചണ്ഡീഗഡ്: ഹരിയാനയിലെ കുണ്ഡ്‌ലി മനേസർ പൽവാൽ എക്‌സ്‌പ്രസ്‌വേയില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഒൻപത് പേര്‍ മരിച്ചു. പൊള്ളലേറ്റ ഇരുപതില്‍ അധികം പേര്‍ ചികിത്സയിലാണ്. തവാഡു ടൗണിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം.
മഥുര, വൃന്ദാവൻ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോയി മടങ്ങുകയായിരുന്ന ചണ്ഡീഗഡ്, പഞ്ചാബ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളും സ്‌ത്രീകളുമടക്കം അറുപതോളം പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വാടകയ്‌ക്കെടുത്ത ബസിലായിരുന്നു സംഘം സഞ്ചരിച്ചത്.
യാത്രയ്‌ക്കിടെ ബസിന്‍റെ പിൻഭാഗത്ത് തീപടരുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെടാൻ വൈകിയിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചുകൊണ്ട് ഡ്രൈവറെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്ന് പ്രദേശവാസികൾ ആരോപിച്ചു. ബൈക്കിൽ ബസിനെ പിന്തുടർന്ന യുവാവ് ബസിന് മുന്നിൽ ബൈക്ക് നിർത്തിയാണ് ബസില്‍ തീപടരുന്ന വിവരം അറിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
തീ അണയ്ക്കാനും അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും അവർ ശ്രമിച്ചെങ്കിലും ഒൻപത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ നേരത്തെ തന്നെ സംഭവിച്ചിരുന്നു. ആംബുലൻസിന്‍റെയും മറ്റ് വാഹനങ്ങളുടെയും സഹായത്തോടെ പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇതിനെതിരെ അന്വേഷണം നടത്തുമെന്നും പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാരാനിയ പറഞ്ഞു.
ALSO READ : നാല് വയസുകാരന്‍റെ മൃതദേഹം സ്‌കൂളില്‍ ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ കത്തിച്ചു