വികസിത ഭാരതം 2047 എന്നത് ഇപ്പോഴത്തെ നമ്മുടെ സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനുള്ള ലക്ഷ്യമാണിത്.
രാജ്യമെമ്പാടുമുള്ള എല്ലാ പൗരന്‍മാരുടെയും സാമ്പത്തിക പങ്കാളിത്തം ഈ ഉദ്യമത്തില്‍ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നു.
ഇതിനിടെയാണ് പാരിസ് ആസ്ഥാനമായ ലോക ഇന്‍ഇക്വാളിറ്റി ലാബിന്‍റെ ഒരു പഠനം പുറത്ത് വന്നിരിക്കുന്നത്. നാല് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ വരുമാനവും സമ്പത്തും തമ്മിലുള്ള അന്തരം അതിന്‍റെ ചരിത്രത്തിന്‍റെ ഏറ്റവും ഉയര്‍ന്നതലത്തില്‍ എത്തിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസന്തുലിത രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. 2022ലെ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരിലേക്ക് എത്തിയ ദേശീയ വരുമാനത്തിന്‍റെ പങ്ക് എക്കാലത്തെയും ഏറ്റവും ഉയരത്തിലെത്തി. ഇത് വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയവരുടേതിനെക്കാള്‍ വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തെ ഒരുശതമാനം ഉന്നതരുടെ പക്കലുള്ളത് നമ്മുടെ സമ്പത്തിന്‍റെ 40ശതമാനത്തിലേറെയാണ്. ദേശീയ വരുമാനത്തിന്‍റെ 22.6ശതമാനവും അവരിലേക്ക് എത്തുന്നു.
1951ല്‍ ഇത് കേവലം 11.5ശതമാനവും 1980കളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ഉദാരവത്ക്കരിക്കും മുമ്പ് ഇത് ഏറെ കുറഞ്ഞ് ആറ് ശതമാനം വരെയെത്തി. ഉന്നതന്‍മാരായ പത്ത് ശതമാനത്തിന്‍റെ കൈകളിലേക്ക് 1951ല്‍ ദേശീയ വരുമാനത്തിന്‍റെ 36.7ശതമാനം എത്തി. എന്നാല്‍ 2022 ആയപ്പോഴേക്കും ഇത് 57.7ശതമാനമായി കുതിച്ചുയര്‍ന്നു. സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ള ഇന്ത്യാക്കാരുടെ കൈകളില്‍ 1951ല്‍ എത്തിയ ദേശീയ വരുമാനത്തിന്‍റെ ഓഹരി 20.6ശതമാനമായിരുന്നെങ്കില്‍ 2022ല്‍ ഇത് കേവലം പതിനഞ്ച് ശതമാനമായി ചുരുങ്ങി. രാജ്യത്തെ നാല്‍പ്പത് ശതമാനം വരുന്ന മധ്യവര്‍ത്തികളുടെ പങ്കാളിത്തമാകട്ടെ 1951ല്‍ 42.8ശതമാനമായിരുന്നിടത്ത് 2022ലേക്ക് എത്തിയപ്പോഴേക്കും കേവലം 27.3ശതമാനമായി ചുരുങ്ങി.
ഇവിടെ ഉയരുന്ന സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഇവയാണ്
ഈ കണ്ടെത്തലുകള്‍ ഒരുപിടി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ വിവരങ്ങള്‍ ഉയര്‍ത്തിവിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരുന്നതിന് തൊട്ടുമുമ്പ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. സ്വന്തം സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്ക് പണമുണ്ടാക്കാനുമായി നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യത്ത് ശതകോടീശ്വര രാജിനെ നട്ടുനനച്ച് വളര്‍ത്തുന്നത് എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ബ്രിട്ടീഷ് രാജിനെക്കാള്‍ അസമത്വമാണ് ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 2014നും 2023നുമിടയിലാണ് ഈ അസമത്വം വര്‍ദ്ധിച്ചതെന്നും രാജ്യാന്തരതലത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാരിന്‍റെ നയങ്ങളാണ് ഇത്തരത്തില്‍ അസമത്വം വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും മൂന്ന് രീതികളിലൂടെയാണ് ഇത് നടപ്പാക്കിയത്. ധനികരെ കൂടുതല്‍ ധനികരാക്കുക, പാവങ്ങളെ ഉന്‍മൂലനാശനം വരുത്തുക, കണക്കുകള്‍ ഒളിപ്പിക്കുക.
ശരിക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അസമത്വ രാജ്യങ്ങളില്‍ ഒന്നാണോ? 1991 മുതല്‍ ഇന്ത്യന്‍ സമ്പദ്ഘടന തുറന്ന് നല്‍കിയതിന്‍റെ ഗുണം നമുക്ക് ലഭിച്ചിട്ടുണ്ടോ? മൊത്ത ആഭ്യന്തര ഉത്പാദനക്കണക്കില്‍ ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായെന്ന അവകാശവാദം രാജ്യത്തെ സാധാരണക്കാരനെ തള്ളിമാറ്റിയോ. നീതി ആയോഗിന്‍റെ ഗവേഷണം അവകാശപ്പെടും പോലെ ബഹുമുഖ ദാരിദ്ര്യം യഥാര്‍ത്ഥത്ില്‍ 2013-14ലെ 29.17ശതമാനത്തില്‍ നിന്ന് 2022-23ല്‍ 11.28ശതമാനമായി കുറയ്ക്കാനായോ? യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും കുറഞ്ഞോ?
അസന്തുലിത നയരൂപീകരണം മുതലാളിത്ത ചങ്ങാത്തത്തിന് ചൂട്ടുപിടിക്കാനോ?
ധനിക രാഷ്‌ട്രങ്ങളെക്കാള്‍ സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികള്‍ ദരിദ്ര രാജ്യങ്ങളിലാണെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഴിമതിയുടെ ഏറ്റവും പ്രാഥമികമായ രൂപം ഈ രാജ്യങ്ങളില്‍ ചങ്ങാത്ത മുതലാളിത്തമാണ്. ഇത്തരം മുതലെടുപ്പുകള്‍ സര്‍ക്കാരുള്‍പ്പെട്ട കല്‍ക്കരി, എണ്ണ, വാതക, പ്രതിരോധ, തുറമുഖ, വിമാനത്താവള മേഖലകളിലാണ് നടക്കുന്നത്. നമ്മുടെ രാജ്യത്ത് ഇത്തരത്തില്‍ വന്‍തോതില്‍ അസന്തുലിതത്വം ഉണ്ടായെന്ന് ആഗോള അസന്തുലിത റിപ്പോര്‍ട്ടില്‍ കാണാം. 2014നും 2023നുമിടയില്‍ ഇത്തരത്തില്‍ സമ്പത്ത് ചിലയിടങ്ങളില്‍ കുമിഞ്ഞു കൂടി. ഇതിന് സര്‍ക്കാര്‍ നയങ്ങളും സഹായകമായി. ഇത്തരം നയങ്ങള്‍ പലതും വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടു. കോടതികളുടെ പോലും ഇടപെടലുമുണ്ടായി. അടുത്തിടെ പുറത്ത് വന്ന തെരഞ്ഞെടുപ്പ് കടപ്പത്ര വിഷയത്തിലും ഇക്കാര്യം വ്യക്തമായതാണ്. അധികാരത്തിലുള്ള കക്ഷിക്കാണ് ഏറ്റവും അധികം സംഭാവനകള്‍ ഇതിലൂടെ ലഭിച്ചത്. കുത്തക മുതലാളിമാര്‍ക്ക് ഇതിന് പ്രത്യുപകാരമായി സര്‍ക്കാര്‍ കരാറുകളും പദ്ധതികളും ലഭിച്ചു. മോഡി ഭരണത്തില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്ക് ലഭിച്ച സംഭാവനകളെല്ലാം തന്നെ അഴിമതിപ്പണമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഇത് നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.
ഇതിനൊക്കെ വേണ്ടി സര്‍ക്കാര്‍ വിവിധ ഭരണഘടനാ വിരുദ്ധ നടപടികളും കൈക്കൊണ്ടു- കമ്പനീസ് ഭേദഗതി നിയമം, ജനപ്രാതിനിധ്യ നിയമഭേദഗതി, ആര്‍ബിഐ നിയമം, ആദായനികുതി നിയമം തുടങ്ങിയ പലതും.
മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ ജനങ്ങള്‍ക്ക് നേരെയുള്ള ക്രൂരകൃത്യങ്ങളാണെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനായ പ്രഭാത് പട്‌നായിക് വിശേഷിപ്പിച്ചത്. ഇവ കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020ലെ കര്‍ഷക നിയമം( പിന്നീട് പിന്‍വലിക്കപ്പെട്ടു), പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപം, വന സംരക്ഷണ നിയമഭേദഗതി എന്നിവ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇന്ത്യയുടെ സംശയാസ്‌പദമായ ചങ്ങാത്ത മുതലാളിത്തം
ദ ഇക്കണോമിസ്റ്റിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ആഗോളതലത്തില്‍ കുത്തക മുതലാളിമാരുടെ സമ്പത്ത് 31500 കോടി ഡോളറില്‍( അതായത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ഒരുശതമാനം) നിന്ന് 2013ലെത്തിയപ്പോഴേക്കും മൂന്ന് ലക്ഷം കോടി ഡോളറായി. അതായത് ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ മൂന്ന് ശതമാനം. കുത്തക മുതലാളിമാരുടെ അറുപത് ശതമാനത്തിലേറെയും വര്‍ദ്ധിച്ചത് നാല് രാജ്യങ്ങളിലാണ്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നമ്മുടെ രാജ്യത്തെ വ്യവസായിക മേഖലകളില്‍ നിന്നുള്ള സമ്പത്തില്‍ അഞ്ച് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനം വരെ വര്‍ദ്ധനയുണ്ടായി. 43 രാഷ്‌ട്രങ്ങളടങ്ങിയ കുത്തക മുതലാളിത്ത സൂചികയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. ചൈന ഇരുപത്തൊന്നാമതും അമേരിക്ക 26മതുമാണ്. ഇവിടെ മുതലാളിമാരുടെ എണ്ണം താരതമ്യേന കുറവാണ്. 36മതുള്ള ജപ്പാനിലും 37മതുള്ള ജര്‍മ്മനിയിലും മുതലാളിമാര്‍ വളരെ കുറവും.
ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്
ലോകത്ത് ഏറ്റവും കൂടുതല്‍ പാവങ്ങളുള്ള രാജ്യമായ ഇന്ത്യ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 169 ശതകോടീശ്വരന്‍മാരാണ് നമ്മുടെ രാജ്യത്തുള്ളതെന്ന് ഫോര്‍ബ്സ് ശതകോടീശ്വര പട്ടിക 2023 പറയുന്നു. 735 ശതകോടീശ്വരന്‍മാരുള്ള അമേരിക്കയും 562 ശതകോടീശ്വരന്‍മാരുള്ള ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. താഴ്‌ന്ന വരുമാനമുള്ള രാജ്യമായി ഇപ്പോഴും കരുതുന്ന നമ്മുടെ രാജ്യം ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വികസിത രാജ്യങ്ങളായ ജര്‍മ്മനി, ഇറ്റലി, കാനഡ, യുകെ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയവയെ കടത്തി വെട്ടിയിരിക്കുന്നു. എങ്ങനെയാണ് കുറച്ച് പേരിലേക്ക് നമ്മുടെ നാടിന്‍റെ സമ്പത്ത് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇത്.
ദുരൂഹമായ സാമ്പത്തിക രേഖകള്‍
നമ്മുടെ രാജ്യത്തെ സാമ്പത്തിക രേഖകള്‍ വല്ലപ്പോഴുമാണ് പുറത്ത് വരുന്നത്. ഇതിന്‍റെ വിശ്വാസ്യത സംശയത്തിലുമാണ്. ഈ സമയത്താണ് ആഗോള അസന്തുലിത റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ത്. നീതി ആയോഗും മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളും പുറത്ത് വിടുന്ന രേഖകള്‍ സാമ്പത്തിക ശാസ്‌ത്രജ്ഞരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ദാരിദ്ര്യം, തൊഴില്‍, തൊഴിലില്ലായ്‌മ, പോഷകാഹാരക്കുറവ് തുടങ്ങിയവ സംബന്ധിച്ച് ഇവര്‍ പുറത്ത് വിടുന്ന രേഖകള്‍ വ്യക്തമായ സൂചനയൊന്നും നല്‍കുന്നില്ല.
രാജ്യത്തെ ദാരിദ്ര്യത്തെയും പോഷകാഹാരക്കുറവിനെയും സംബന്ധിച്ച് ആഗോളതലത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ അധികൃതര്‍ കുറച്ച് നാളുകളായി തള്ളിക്കളയുകയാണ്. അതേസമയം മുന്‍കാലങ്ങളിലെ പോലെ കൃത്യമായ ഇടവേളകളില്‍ സര്‍ക്കാര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നുമില്ല. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന രേഖകളും സംശയാസ്‌പദമാണ്. നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം എങ്ങനെയാണ് ഇത്രമാത്രം വര്‍ദ്ധിക്കുന്നതെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഈ കണക്കുകള്‍ ദുരൂഹമാണെന്നും അദ്ദേഹം ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ പണപ്പെരുപ്പ കണക്ക് 1നും 1.5നുമിടയിലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പണപ്പെരുപ്പം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ്. പത്ത് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും കഴിഞ്ഞ 140 വര്‍ഷത്തിനിടെ ആദ്യമായി 2021ല്‍ തെറ്റിച്ചു.
നമ്മുടെ രാജ്യത്തെ പല ഭരണഘടനാ സ്ഥാപനങ്ങളുടെയും വീഴ്ചയിലും പ്രവര്‍ത്തനത്തിലും രാജ്യാന്തര ഏജന്‍സികള്‍ പോലും ആശങ്ക പ്രകടിപ്പിച്ചു. ഇത് നമ്മുടെ രാജ്യം ഒരു ധനാധിപത്യ രാഷ്‌ട്രത്തിലേക്കുള്ള പ്രയാണത്തിലേക്കാണോ എന്നൊരാശങ്ക ഉയര്‍ത്തുന്നു. പണക്കാര്‍ രാജ്യം ഭരിക്കുന്ന സ്ഥിതി യാഥാര്‍ത്ഥ്യമാകുന്നുവോ!
പണക്കാര്‍ക്ക് അധിക നികുതി
ചരക്കു സേവന നികുതി(ജിഎസ്‌ടി) നമ്മുടെ രാജ്യത്തെ പരോക്ഷ നികുതി പാവങ്ങളെ ബാധിച്ചു. ജിഎസ്‌ടി വന്നതോടെ നമ്മുടെ രാജ്യത്തെ മൊത്ത വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായി. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി അനുപാതത്തിലും കേന്ദ്രസര്‍ക്കാരിന്‍റെ മൊത്ത നികുതി വരുമാനത്തിലും ഇടിവുണ്ടായി. ജിഎസ്‌ടിയിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയില്‍ വലിയ അസമത്വം സൃഷ്‌ടിക്കും.
ധനികര്‍ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തണെന്ന് ആഗോള അസമത്വ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദിഷ്‌ട നികുതിയിലൂടെ 162 ധനിക ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് 0.5ശതമാനം വരെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് ചെലവിന്‍റെ രണ്ട് മടങ്ങിലേറെ വരും.
നമ്മള്‍ നിലവിലെ സാമ്പത്തിക നയങ്ങള്‍ തുടരണോ എന്നതാണ് ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം? മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച മാത്രം ലക്ഷ്യമിട്ടുള്ള ഈ നയങ്ങള്‍ക്ക് പകരം മാനുഷിക വികസനമാണോ ലക്ഷ്യമിടേണ്ടത്. നികുതി ഘടനയില്‍ മാറ്റം വരുത്തി വരുമാനത്തിലും ധനത്തിലും വിശാലമായ പുനഃസംഘടന ആവശ്യമാണ്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മികച്ച തൊഴില്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നമ്മുടെ ആവശ്യം. ഒരു ശരാശരി ഇന്ത്യാക്കാരന് ഇതിന്‍റെയെല്ലാം അര്‍ത്ഥപൂര്‍ണമായ ഫലം കിട്ടണം.