ലഖ്‌നൗ: തന്‍റെ കക്ഷി ഇനി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബഹുജന്‍ സമാജ് വാദി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ്, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മായാവതിയുടെ പ്രഖ്യാപനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് ലഭിക്കാത്തിടത്തോളമാകും ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരണമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ കള്ളവോട്ടുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചെന്നും മായാവതി ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭയിലെ ഒന്‍പത് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇത് വളരെ ദുഃഖകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികള്‍ എടുക്കും വരെ ബിഎസ്‌പി ഉപതെരഞ്ഞെടുപ്പുകളെല്ലാം ബഹിഷ്ക്കരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം തന്‍റെ കക്ഷി ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കാരണം പൊതുതെരഞ്ഞെടുപ്പുകളില്‍ ഭരണമാറ്റത്തിന് സാധ്യതയുള്ളതിനാല്‍ ക്രമക്കേടുകള്‍ക്കുള്ള സാധ്യതകള്‍ കുറവാണ്.
2007ല്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്‌പി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ബിജെപിയും കോണ്‍ഗ്രസും തങ്ങളെ ഭയപ്പെട്ടുവെന്നും മായാവതി ചൂണ്ടിക്കാട്ടി. പൂര്‍ണമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായതോടെ ബാബാ അംബേദ്ക്കറിന്‍റെയും കാന്‍ഷിറാമിന്‍റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി.
വര്‍ഗീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും മറ്റുള്ളവരും ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി വിവിധ കക്ഷികള്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്ക് പണം നല്‍കുന്നു. എന്നാല്‍ ബിഎസ്‌പി സ്വന്തം പണം കൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ പുറത്ത് വന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍, ബിജെപി ആറ് സീറ്റുകളിലും വിജയിച്ചു. അവരുടെ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക്‌ദള്‍ (ആര്‍ജെഡി) ഒരു സീറ്റിലും വിജയിച്ചു. സമാജ് വാദി പാര്‍ട്ടിക്ക് ഒന്‍പത് സീറ്റുകളില്‍ കേവലം രണ്ടെണ്ണം മാത്രമേ നേടാനായുള്ളൂ.
Also Read; 'മഹാരാഷ്‌ട്രയിലെ ജനവിധി വിചിത്രം'; തിരിച്ചടി പരിശോധിക്കാൻ കോണ്‍ഗ്രസ്