ചെന്നൈ (തമിഴ്‌നാട്) : കൊല്ലപ്പെട്ട ബിഎസ്‌പി തമിഴ്‌നാട് പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിന് അന്തിമോപചാരം അര്‍പ്പിച്ച് മായാവതി. ചെന്നൈയിലെ കോർപ്പറേഷൻ സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയാണ് മായവതി അന്തിമോപചാരം അര്‍പ്പിച്ചത്. ആംസ്ട്രോങ്ങിന്‍റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.
ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപമാണ് ഒരു സംഘം അജ്ഞാതര്‍ ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വസതിക്ക് സമീപം വച്ച് അദ്ദേഹം കൊല്ലപ്പെട്ട സംഭവം വളരെ ദുഃഖകരമെന്ന് മായാവതി പറഞ്ഞു. 'ഇത് വളരെ സങ്കടകരമായ നിമിഷമാണ്. ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് ഘടകത്തിന്‍റെ പ്രസിഡന്‍റായിരുന്ന അദ്ദേഹം എന്‍റെ സുഹൃത്തായിരുന്നു. ബാബാ ഭീംറാവു അംബേദ്‌കറുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ബഹുജൻ സമാജ് പാർട്ടി തെരഞ്ഞെടുത്തു.
പാർട്ടിയുമായുള്ള ബന്ധം മുതൽ അദ്ദേഹം പൂർണമനസോടെയാണ് പ്രവർത്തിച്ചത്. തന്‍റെ വസതിക്ക് പുറത്ത് വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയ രീതി വളരെ ദുഖകരമാണ്,' -മായാവതി പറഞ്ഞു.
'സംസ്ഥാന സർക്കാരിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും ദുർബല വിഭാഗങ്ങളെ സുരക്ഷിതമാക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു. സർക്കാർ ഗൗരവത്തിലായിരുന്നുവെങ്കിൽ, പ്രതികളെ അറസ്‌റ്റ് ചെയ്യുമായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ലാത്തതിനാൽ, കേസ് സിബിഐക്ക് വിടാൻ ഞങ്ങൾ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുന്നു' -അവർ കൂട്ടിച്ചേർത്തു. ബിഎസ്‌പി ദേശീയ കോർഡിനേറ്റർ ആകാശ് ആനന്ദും ആദരാഞ്ജലികൾ അർപ്പിച്ചു.