ലഖ്‌നൗ (ഉത്തർപ്രദേശ്): ബിഎസ്‌പി അധ്യക്ഷ മായാവതി തന്‍റെ പിൻഗാമിയായും ദേശീയ കോർഡിനേറ്ററായും അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ദേശീയ കോർഡിനേറ്ററായി ആകാശ് ആനന്ദ് ചുമതലയേൽക്കുമെന്ന് പാർട്ടി നേതാവ് ലാൽ ജി മേധാങ്കർ പറഞ്ഞു. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം.
മെയ് മാസത്തിൽ മായാവതി തന്‍റെ അനന്തരവനെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും തന്‍റെ രാഷ്‌ട്രീയ പിൻഗാമി സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. പൂർണ പക്വത കൈവരിക്കുന്നതുവരെ നീക്കം ചെയ്യുന്നതായാണ് പ്രഖ്യാപിച്ചിരുന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയം അവലോകനം ചെയ്യാൻ ഞായറാഴ്‌ച (ജുണ്‍ 23) മായാവതിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും സുപ്രധാന യോഗത്തിൽ പങ്കെടുത്തു. രാജ്യത്ത് 18-ാം ലോക്‌സഭയിലേക്ക് അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ആദ്യത്തെ പ്രധാന ദേശീയ തല യോഗമായിരുന്നു ഇതെന്ന് പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.
വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രചാരകരുടെ പട്ടിക നേരത്തെ ബിഎസ്‌പി പുറത്തുവിട്ടിരുന്നു. പാർട്ടി അധ്യക്ഷ മായാവതിയും അനന്തരവൻ ആകാശ് ആനന്ദും പട്ടികയിലുണ്ട്.