ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുത്ത് ബിഎസ്എഫ് ജവാന്‍; വീഡിയോ വൈറല്‍ - BSF Jawan Roasts Papad In Hot Sand - BSF JAWAN ROASTS PAPAD IN HOT SAND
രാജസ്ഥാന്‍ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുക്കുന്ന ബിഎസ്എഫ് ജവാന്‍റെ വീഡിയോ വൈറലാകുന്നു.
Published : May 22, 2024, 10:04 PM IST
|Updated : May 22, 2024, 10:12 PM IST
ബിക്കാനീർ (രാജസ്ഥാൻ) : രാജസ്ഥാന്‍ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുക്കുന്ന ബിഎസ്എഫ് ജവാന്‍റെ വീഡിയോ വൈറല്‍. രാജസ്ഥാനിലെ ഉഷ്‌ണ തരംഗത്തിനിടയിൽ ചൂട് മണലിൽ ജവാൻ പപ്പടം വറുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) കണക്കനുസരിച്ച്, പടിഞ്ഞാറൻ രാജസ്ഥാന്‍റെ ചില ഭാഗങ്ങളിലും പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലും മെയ് 22 മുതൽ 26 വരെ ഉഷ്‌ണ തരംഗം തുടരാൻ സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പകല്‍ സമയത്ത് പരമാവധി താപ നില 47 ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
കടുത്ത പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തെ സേവിക്കുന്ന ബിഎസ്എഫ് ജവാനെ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേര്‍ പ്രശംസിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സംഭവത്തില്‍ എക്‌സില്‍ പ്രതികരിച്ചു. 'രാജസ്ഥാന്‍ മരുഭൂമിയിൽ നിന്നുള്ള ഈ വീഡിയോ കാണുമ്പോള്‍, അസാധാരണമായ സാഹചര്യങ്ങളിൽ ഞങ്ങളെ സുരക്ഷിതരാക്കി നിർത്തുന്ന നമ്മുടെ ജവാൻമാരോട് വളരെയധികം ബഹുമാനവും നന്ദിയും കൊണ്ട് മനസ് നിറയുന്നു'- ഹിമന്ത ബിശ്വ ശർമ്മ കുറിച്ചു.