ന്യൂഡല്‍ഹി: ഭക്ഷണ തെരഞ്ഞെടുപ്പുകളില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. വന്‍ പ്രാധാന്യമുള്ള ഒരു ദേശീയ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്ത് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അവര്‍ ആരോപിച്ചു.
ജമ്മുകശ്‌മീരിലെ ഉധംപൂരില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആരുടെയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയും ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.
ഹിന്ദുക്കള്‍ സാധാരണ മാംസാഹാരം കഴിക്കാത്ത വിശുദ്ധ ശ്രാവണ മാസത്തില്‍ എടുത്ത വീഡിയോ ആണ് ഇതെന്ന ആരോപണവുമായി ബിജെപി വക്താവ് സാമ്പിത് പത്ര ആരോപിച്ചിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ പിന്നീട് ഇത് പുറത്ത് വിടുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഒരു ഹെലികോപ്‌ടറില്‍ വച്ച് മത്സ്യ പാര്‍ട്ടി നടത്തുന്ന ദൃശ്യങ്ങള്‍ തേജസ്വി യാദവ് പുറത്ത് വിട്ടിരുന്നു. വിഐപി നേതാവായ മുകേഷ് യാദവിനൊപ്പമുള്ള ദൃശ്യങ്ങളായിരുന്നു ഇത്. നവരാത്രി കാലത്ത് പുറത്ത് വിട്ട ദൃശ്യങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് നേരത്തെ എടുത്തതാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. വേണമെങ്കില്‍ ബിജെപിക്ക് ഇക്കാര്യം പരിശോധിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുസ്ലീം ലീഗ് പ്രതൃയശാസ്‌ത്രത്തിന്‍റെ തനിപ്പകര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് മോദി അടുത്തിടെ ആരോപിച്ചിരുന്നു. ഇത്തരം നേതാക്കള്‍ വിശുദ്ധ മാസങ്ങളില്‍ ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ മുഗള്‍ ആശയങ്ങള്‍ പിന്തുടരുന്നവരാണ്. പ്രാദേശിക ഭരണാധികാരികളെ പരാജയപ്പെടുത്തി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഹിന്ദുക്കളെ താറടിച്ചവരാണ് അവരെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി ഇന്ത്യാക്കാരെ ഭിന്നിപ്പിക്കുകയും അവരുടെ മേല്‍ അധീശത്വം ഉറപ്പിക്കുകയുമാണുണ്ടായത്. പ്രധാനമന്ത്രി ഇപ്പോള്‍ ഇതേ നിലപാടാണ് കൈക്കൊള്ളുന്നത്. വസ്‌ത്രധാരണം മുതല്‍ ഭക്ഷ്യ ശീലങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നു. തങ്ങളുടെ പ്രകടനപത്രികയെക്കുറിച്ചുള്ള മുസ്ലീം ലീഗ് പരാമര്‍ശം അനാവശ്യമാണ്. ആയിരക്കണക്കിന് പേരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. ഒരു മഹത്തായ രാഷ്‌ട്രത്തിന്‍റെ തലവനായ മോദി ആ സ്ഥാനത്തിന്‍റെ മഹിമ മനസിലാക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളിലൂടെ ഇപ്പോള്‍ ജനങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും ഛത്തീസ്‌ഗഡ് മുന്‍ ഉപമുഖ്യമന്ത്രിയും പ്രകടനപത്രിക സമിതിയംഗവുമായ ടി എസ് സിങ് ദിയോ ഇടിവി ഭാരതിനോട് പറഞ്ഞു.
പ്രധാനമന്ത്രിക്ക് ദിശാബോധം നഷ്‌ടമായിരിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. ബിജെപി കഠിനമായ മത്‌സരത്തിലാണെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. അത് കൊണ്ട് രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് മത്‌സരം നടക്കുമ്പോള്‍ പോലും വികസനം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇതൊരു ദേശീയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി പദത്തിന്‍റെ ശോഭ കെടുത്തും. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് എഐസിസി അംഗം ചന്ദന്‍ യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണത്തിനിടെ ഉണ്ടാക്കിയ ഒരു വികസനപ്രവര്‍ത്തനം പോലും ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴദ്ദേഹം പ്രതിപക്ഷത്തെ നേതാക്കളുടെ വസ്‌ത്രത്തിലേക്കും ഭക്ഷണത്തിലേക്കും വന്നിരിക്കുകയാണ്. നാളെ അവരുടെ ശുചിമുറികളിലേക്കും എത്തിനോക്കും. തൊഴിലില്ലായ്‌മ, വിദ്യാഭ്യാസം, വിലക്കയറ്റം, സാമൂഹ്യനീതി തുടങ്ങിയ യഥാര്‍ത്ഥ വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ പ്രധാനമന്ത്രി ചിക്കനെയും മട്ടനെയും മീനിനെയും കുറിച്ച് സംസാരിക്കുന്നു.
ബീഫ് കയറ്റുമതി കമ്പനികളില്‍ നിന്ന് ബിജെപി സംഭാവനകള്‍ വാങ്ങിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കടപ്പത്ര വിവാദമുണ്ടായപ്പോള്‍ വ്യക്തമായതാണ്. മറ്റുള്ളവരെ സസ്യാഹാരികളാക്കാന്‍ ഇവരാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് അപഹാസ്യമാണെന്നും ചന്ദന്‍ യാദവ് പറഞ്ഞു.