ഗോണ്ട(ഉത്തര്‍പ്രദേശ്): കോണ്‍ഗ്രസ് നേതാക്കളും ഗുസ്‌തിതാരങ്ങളുമായ വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പൂനിയയേയും ഹരിയാനയുടെ വില്ലന്‍മാരെന്ന് വിളിച്ച് ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ഫോഗട്ടും പുനിയയും കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം ശേഷിക്കെയാണ് ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം.
തന്നോട് സംസാരിക്കാന്‍ ബജ്‌രംഗ് പൂനിയ ആരാണ്?. ഭാര്യയെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച ആളാണ് അയാള്‍. വിനേഷ് ഫോഗട്ട് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് ട്രയല്‍സില്‍ പങ്കെടുത്തത്. ഒരേ ദിവസം തന്നെ രണ്ട് ഇനങ്ങളുടെ ട്രയലില്‍ ഒരു കായികതാരത്തിന് നിയമപരമായി പങ്കെടുക്കാനാകില്ല.
ജൂനിയര്‍ ഗുസ്‌തിതാരങ്ങളുടെ അവകാശങ്ങള്‍ ഹനിച്ച് കൊണ്ടായിരുന്നു അവരുടെ ഈ നീക്കം.സംവിധാനങ്ങള്‍ മുഴുവന്‍ അവര്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. ഇതേ ശരീര ഭാരമാണ് പാരിസ് ഒളിമ്പിക്‌സില്‍ അവര്‍ക്ക് തിരിച്ചടിയായതെന്നും ഭൂഷണ്‍ പറഞ്ഞു.
ഈ രണ്ട് താരങ്ങളും മാറി നിന്നാല്‍ ഇന്ത്യയ്ക്ക് അടുത്ത ഒളിമ്പിക്‌സില്‍ അഞ്ച് മെഡലുകളെങ്കിലും ഗുസ്‌തിയില്‍ ലഭിക്കും. വനിത കായികതാരങ്ങള്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ കഴിയാത്തതിന്‍റെ കാരണം ബജ്റംഗും വിനേഷും ഭൂപേന്ദര്‍ ഹൂഡയും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണെന്നും ബ്രിജ്ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ബജ്‌റംഗ് പൂനിയ. വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ആദ്യ വനിത ഗുസ്‌തിതാരമെന്ന ഖ്യാതി കഴിഞ്ഞ പാരിസ് ഒളിമ്പിക്‌സില്‍ സ്വന്തം പേരിലാക്കിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇരു ഗുസ്‌തിതാരങ്ങളും റെയില്‍വേയിലെ തങ്ങളുടെ ജോലി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. പിന്നാലെ ഇരുവരും കോണ്‍ഗ്രസിലും ചേര്‍ന്നു. തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ജുലാനയില്‍ നിന്ന് വിനേഷിനെ സ്ഥാനാര്‍ത്ഥിയായും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബജ്‌രംഗ് പൂനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായും നിയമിച്ചു.
അടുത്തമാസം അഞ്ചിനാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. അടുത്ത മാസം എട്ടിന് വോട്ടെണ്ണല്‍ നടക്കും.
2019ല്‍ 40 സീറ്റ് നേടിയ ബിജെപി ജെജെപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചു. പത്ത് സീറ്റുകളാണ് ജെജെപിക്ക് കിട്ടിയത്. അതേസമയം കോണ്‍ഗ്രസിന് 31 സീറ്റുകള്‍ കിട്ടിയിരുന്നു. ഇക്കൊല്ലം ആദ്യം ബിജെപി ജെജെപി സഖ്യം ഇല്ലാതായിരുന്നു.
Also Read: ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ ഗൂഢാലോചനയെന്ന് ഇപ്പോള്‍ തെളിഞ്ഞു: ബ്രിജ് ഭൂഷൺ ശരൺ സിങ്