ന്യൂഡൽഹി: ഇന്ത്യയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ വിജയം ഗ്ലോബൽ സൗത്തിന്‍റെ ശബ്‌ദത്തെ കൂടുതൽ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ബ്രസീൽ അംബാസഡർ കെന്നത്ത് എച്ച് ഡ നോബ്രെഗ. ഇടിവി ഭാരതുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് പരാമര്‍ശം. ഈ വർഷം ജൂലൈ 12 മുതൽ 14 വരെ ജി 20 ഉച്ചകോടിക്ക് ബ്രസീൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം പ്രകടനം.
ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ധനകാര്യം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ കേന്ദ്ര വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക ഉയര്‍ച്ചയും പട്ടിണി, ദാരിദ്ര്യം എന്നിവയ്‌ക്ക് എതിരായ പോരാട്ടം, ഊർജ്ജ സംക്രമണങ്ങളും സാമൂഹിക, പാരിസ്ഥിതിക തലങ്ങളിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കൽ, ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരണം എന്നിവയും ബ്രസീലിന്‍റെ മുൻഗണനകളായിരിക്കും.
ആഫ്രിക്കൻ യൂണിയനെ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ജി 20 ആതിധേയത്വത്തിലെ ഏറ്റവും തിളക്കമാർന്ന നേട്ടങ്ങളിലൊന്നാണെന്ന് ബ്രസീലിയൻ പ്രതിനിധി പറഞ്ഞു. 'ഇന്ത്യയുടെ സ്വാതന്ത്ര്യം മുതൽ ഇന്ത്യയും ബ്രസീലും വളരെ നീണ്ട, രാഷ്‌ട്രീയ ബന്ധമാണ് ഉള്ളത്. കഴിഞ്ഞ ആറ് ഏഴ് വർഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വളരെ വിജയകരമായി വികസിച്ചു കൊണ്ടിരിക്കുന്നു. 2022 ൽ ഇന്ത്യ അഞ്ചാമത്തെ കയറ്റുമതിക്കാരായിരുന്നു.
ഞാൻ ഇവിടെ അധികാരമേറ്റ കാലം മുതൽ, ഇന്ത്യയും ബ്രസീലും തമ്മിൽ ധാരാളം ബിസിനസുകളും നിക്ഷേപങ്ങളും നടക്കുന്നതും അതുവഴി വ്യാപാരബന്ധം വർധിപ്പിക്കുന്നതും ഞങ്ങൾ കണ്ടു. ഇന്ത്യയില്‍ ഊർജ്ജം, കൃഷി, ഓട്ടോമൊബൈൽ, ഐടി, ഖനനം, ഊർജം എന്നിവയിലാണ് ബ്രസീൽ പ്രധാനമായും നിക്ഷേപം നടത്തിയത്.'- ബ്രസീൽ-ഇന്ത്യ ബന്ധത്തെ കുറിച്ച് കെന്നത്ത് പറഞ്ഞു
ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉൽപാദകരായ ഇന്ത്യയും ബ്രസീലും-പഞ്ചസാര സബ്‌സിഡികൾ സംബന്ധിച്ച ദീർഘകാല തർക്കം പരിഹരിക്കുന്നതിനായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.
ബ്രസീൽ ഇന്ത്യയുമായി എത്തനോൾ സാങ്കേതിക വിദ്യ പങ്കിടാമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പും എത്തനോളും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. എത്തനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും ബ്രസീല്‍ മുൻനിരയിലാണ്.
2005 ലാണ് പഞ്ചസാരയുടെ മേല്‍ ഇന്ത്യയും ബ്രസീലും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്. ബ്രസീലിന്‍റെ പഞ്ചസാര സബ്‌സിഡികള്‍ ഇന്ത്യൻ പഞ്ചസാര ഉത്പാദകരെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (ഡബ്ല്യുടിഒ) ഇന്ത്യ സബ്‌സിഡിയെ എതിര്‍ക്കുകയായിരുന്നു. അന്ന് ഡബ്ല്യുടിഒ ഇന്ത്യക്ക് അനുകൂലമായി വിധിയെഴുതി. ഇത് മൂലം ബ്രസീൽ പഞ്ചസാര സബ്‌സിഡികൾ കുറയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു.
Also Read : കസേര ഒഴിഞ്ഞ് ഇന്ത്യ, ഇനി ബ്രസീല്‍ നയിക്കും; ജി 20 അധ്യക്ഷ സ്ഥാനം കൈമാറി പ്രധാനമന്ത്രി