ജോഗിപേട്ട് (തെലങ്കാന): മോഷണവിവരം പുറത്തുപറഞ്ഞ 13 കാരനെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ആന്ദോൾ മണ്ഡലത്തിലെ ജോഗിപേട്ടിലാണ് സംഭവം. നാഗരാജു എന്ന വ്യക്‌തിയാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. ശേഷം അയാൾ മൊബൈല്‍ ടവറിൽ കയറി ആത്മഹത്യ ചെയ്‌തു.
നാഗരാജു കടയില്‍ നിന്ന് കേബിൾ വയറുകൾ മോഷ്‌ടിച്ചത് ശേഖർ (13) കടയുമകളെ അറിയച്ചതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. നാഗരാജുവിനെ കടയുടമ ചോദ്യം ചെയ്‌തത് തർക്കത്തിന് കാരണമായി. തുടർന്ന് പ്രകാശ് എന്ന വ്യാപാരിയുടെ അടുത്ത് പോയി നാഗരാജു പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ വ്യാപാരിയെ ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ച് ആക്രമിക്കുകയും ചെയ്‌തിരുന്നു.
മോഷണവിവരം കടയുടമയെ അറിയിച്ചതിൽ ശേഖറിനോട് ദേഷ്യമുണ്ടായിരുന്ന നാഗരാജു ശനിയാഴ്‌ച (ഏപ്രിൽ 20) രാത്രി കുട്ടിയെ സംസാരിക്കാൻ വിളിക്കുകയും, ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയശേഷം കത്തികൊണ്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തി മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്‌തു.
ഇതിന് ശേഷമാണ് പരിഭ്രാന്തനായ നാഗരാജു മൊബൈല്‍ ടവറിൽ കയറുകയും സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ടവറിൽ നിന്ന് ഇറങ്ങാൻ നാഗരാജുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് അനുസരിച്ചില്ല. ഇതിനിടെ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് നാഗരാജു വെളിപ്പെടുത്തിയതോടെ നീന്തൽ വിദഗ്‌ധരെ ഉപയോഗിച്ചാണ് പൊലീസ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്.
Also Read : ജപ്‌തി നടപടിയ്ക്കിടെ വിട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവം: മൃതദേഹവുമായി എസ്എൻഡിപി പ്രവർത്തകർ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു - SNDP Protest On Nedumkandam Suicide
ഇതിനെല്ലാം ശേഷം ടവറില്‍ നിന്ന് നാഗരാജുവിന്‍റെ പ്രതികരണങ്ങള്‍ നിലച്ചതോടെ ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇയാൾ കഴുത്തിൽ കേബിൾ വയർ ചുറ്റി ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം താഴെയിറക്കി പോസ്‌റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാഗരാജുവിനെതിരെ നിരവധി കേസുകളുണ്ടെന്നും കടയുടമകളെ ആക്രമിച്ച് പണം തട്ടുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821