കലബുര്‍ഗി(കര്‍ണാടക) : അംബേദ്‌കര്‍ അനുസ്‌മരണ ചടങ്ങില്‍ എത്താത്തതിന് വിദ്യാര്‍ത്ഥിക്ക് കടുത്ത ശിക്ഷ വിധിച്ച് സഹപാഠികള്‍. കര്‍ണാടക, കലബുര്‍ഗിയിലെ ഒരു ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നഗ്നനാക്കി അംബേദ്‌കറിന്‍റെ ഛായാചിത്രവും വഹിച്ച് നടത്തിക്കുകയായിരുന്നു (Minor boy was Stripped half-naked). ഗോത്രവിഭാഗമായ ലമ്പാനി സമുദായത്തില്‍ നിന്നുള്ള കുട്ടിയാണ് സഹപാഠികളുടെ ക്രൂര പീഡനത്തിന് ഇരയായത്.
ഈ മാസം 25നാണ് സംഭവമുണ്ടായത്. കുട്ടിയുടെ പിതാവ് അശോകനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341,323,504, 505(2),506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് (Boy paraded naked).
എന്‍ വി കോളജ് വിദ്യാര്‍ഥിയാണ് സഹപാഠികളുടെ ആക്രമണത്തിന് ഇരയായത്. മറ്റുള്ള കോളജുകളില്‍ നിന്നുള്ള കുട്ടികളും ആക്രമണം നടത്താന്‍ എത്തി എന്നാണ് സൂചന. നഗരത്തില്‍ ഹൈക്കോടതി സമുച്ചയത്തിന് സമീപമുള്ള സര്‍ക്കാര്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസിയാണ് ആക്രമണത്തിന് ഇരയായത്. മഹാരാഷ്‌ട്ര ദമ്പതികളുടെ മകനാണ്.
മുംബൈയില്‍ നിന്ന് തൊഴിലിനായി കര്‍ണാടകയിലേക്ക് കുടിയേറിയ നീലകാന്ത് റാത്തോഡിന്‍റെ മകനാണ് ആക്രമിക്കപ്പെട്ടത്. തെരുവിലൂടെ കുട്ടിയെ നഗ്‌നനാക്കി നടത്തിക്കവെ പൊലീസിനെ കണ്ടതോടെ മറ്റ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. പൂജയില്‍ പങ്കെടുക്കാതിരുന്ന കുട്ടിയെ ഹോസ്റ്റലിലെ ഒരു സംഘം മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. പിന്നീട് അംബേദ്‌കറുടെ ചിത്രം തലയിലേറ്റി നഗ്‌നനായി തെരുവുകളിലൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഹോസ്റ്റലില്‍ എല്ലാ ഞായറാഴ്ചയും അംബേദ്‌കറുടെ ചിത്രത്തിന് മുന്നില്‍ പൂജ നടത്തുന്ന പതിവുണ്ട്. എന്തോ കാരണത്താല്‍ പൂജയില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് സാധിച്ചില്ല. ഇതറിഞ്ഞ മറ്റ് വിദ്യാര്‍ത്ഥികള്‍ കുട്ടിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു.
Also Read: കോഴിക്കോട്ടെ പോക്സോ കേസില്‍ പ്രതിക്ക് 128 വർഷം തടവ്
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.