മഥുര (ഉത്തര്‍പ്രദേശ്): മഥുര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന തനിക്ക് അനായാസം വിജയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബോളിവുഡ് സുന്ദരിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി. ഒന്നാം ഘട്ടത്തെക്കാള്‍ മികച്ച പോളിങ്ങാണ് ഇക്കുറിയെന്നും ഹേമമാലിനി പറഞ്ഞു. ജനാധിപത്യാവകാശം വിനിയോഗിക്കണമെന്ന തങ്ങളുടെ അഭ്യര്‍ത്ഥന ജനങ്ങള്‍ സ്വീകരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചതായും തങ്ങള്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ഹേമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാവരും വിജയിക്കുമെന്ന് പറയുമെന്ന് ഇന്ത്യാമുന്നണിയുടെ ആത്മവിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തോട് താരം പ്രതികരിച്ചു. എന്നാല്‍ ജനങ്ങളുടെ വോട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്ന ഹേമമാലിനി. മഥുരയില്‍ നിന്ന് ഇത് മൂന്നാംവട്ടമാണ് ഹേമമാലിനി മത്സരിക്കുന്നത്. ഇക്കുറിയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇവര്‍.
അതേസമയം സ്‌ത്രീകളുടെ സ്വര്‍ണം കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിനെ ഒരിക്കലും അനുവദിക്കില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ചലച്ചിത്രതാരം നവനീത് റാണ പറഞ്ഞു. 2019ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച് ജയിച്ച ആളാണ് നവനീത്. കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ ഭാഷയില്‍ അവര്‍ ആഞ്ഞടിച്ചു.
രാഹുലിന്‍റെ പക്വതയെ അവര്‍ ചോദ്യം ചെയ്‌തു. പാരമ്പര്യ സ്വത്തില്‍ അധീശത്വം ഉറപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തെയും അവര്‍ വിമര്‍ശിച്ചു. നമ്മള്‍ക്ക് 52 കാരനായ രാഹുലില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളതെന്നും അവര്‍ ആരാഞ്ഞു. സ്‌ത്രീകളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുമെന്ന് പറയുന്ന ഒരാളില്‍ നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാകുമെന്നും അവര്‍ ചോദിച്ചു. രാഹുലിന് പക്വത വന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പക്വതയുണ്ടാകാന്‍ 52 വയസിലെത്തണമെന്ന് പറയുന്നവരോട് തനിക്ക് ഒന്നും പറയാനാില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ സമാന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് റാണയും കോണ്‍ഗ്രസിനെതിരെ ഇതേ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ ധനം കൊള്ളയടിക്കാനും സ്‌ത്രീകളുടെ മംഗല്യ സൂത്രം തട്ടിയെടുക്കാനും അവ പുനര്‍വിതരണം ചെയ്യാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുവെന്നായിരുന്നു മോദിയുടെ ആരോപണം.
പൗരാവകാശം സംരക്ഷിക്കുന്നതില്‍ ഭരണഘടനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ഈ അവകാശങ്ങള്‍ക്കായി പോരാടുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് അംബേദ്ക്കര്‍ ഭരണഘടന എഴുതിയുണ്ടാക്കിയത്. സൂര്യനുള്ളിടത്തോളം ഈ ഭരണഘടനയും ഉണ്ടാകും. പക്വത ആര്‍ജ്ജിക്കാന്‍ 52 വര്‍ഷമെടുത്ത ഒരാള്‍ക്ക് സ്‌ത്രീകളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ഇനിയൊരു അന്‍പത് വര്‍ഷം കൂടി വേണ്ടി വരും. രാഷ്‌ട്രത്തിന്‍റെ ക്ഷേമത്തിനായി ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: വോട്ടിങ്ങ് യന്ത്രത്തിന്‍റെ തകരാറ്: നഷ്‌ടമായ സമയം കൂടുതലായി നല്‍കണമെന്ന് എം കെ രാഘവന്‍