ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ ആധികാരിക വിജയത്തിലേക്ക് ബിജെപി. ഭരണകക്ഷിയായ ബിജെപി 15 സീറ്റുകൾ നേടി, 31 സീറ്റുകളിൽ ലീഡുമായി കുതിക്കുകയാണ്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ ലീഡോടെ തുടർച്ചയായ മൂന്നാം തവണയും ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
വടക്കുകിഴക്കൻ സംസ്ഥാനത്തെ 24 ജില്ലകളിലെ 24 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അലോങ് (കിഴക്ക്), അലോങ് (പടിഞ്ഞാറ്), അനിനി, ബസാർ, ചാങ്‌ലാങ് (നോർത്ത്), ചാങ്‌ലാങ് (സൗത്ത്), ദാംബുക്, കലക്താങ്, കൊളോറിയങ്, ലെകാങ്, ലികാബാലി (എസ്‌ടി), ലുംല, നാച്ചോ, നംസായ്, നാരി കോയു (എസ്‌ടി), പാലിൻ, പോങ്ചൗ-വക്ക തുടങ്ങി 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.
ബോർഡുംസ-ദിയുൻ, ദിരാങ്, ലിറോമോബ, റംഗോങ്, തവാങ് എന്നിവയുൾപ്പെടെ ആറ് സീറ്റുകളിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുമ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർഥികൾ ബോർഡുംസ-ദിയുൻ, ലെകാങ്, യച്ചൂലി എന്നീ മൂന്ന് സീറ്റുകളിലും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) സ്ഥാനാർഥികൾ ദോമുഖ്, മെബോ എന്നീ രണ്ട് സീറ്റുകളിലും മുന്നിലാണ്. ഖോൻസ (ഈസ്റ്റ്) സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി വംഗ്ലാം സാവിൻ വിജയിച്ചു.
19 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയാണ് അരുണാചലിന്‍റേത്. നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയിന്‍ തുടങ്ങിയ പത്തുപേർ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പേമ ഖണ്ഡു മുക്തോ അസംബ്ലി സീറ്റിൽ നിന്നും ചൗന മേയിന്‍ ചൗഖാം (എസ്) സീറ്റിൽ നിന്നുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ദസാംഗ്ലു പുൽ (ഹയുലിയാങ്-എസ്‌ടി), ഡോംഗ്രു സിയോങ്ജു (ബോംഡില), ടെച്ചി റതു (സഗലീ), ഹഗെ അപ്പ (സീറോ-ഹാപോളി), ജിക്കെ ടാക്കോ (താലി), ന്യാതോ ദുകം (താലിഹ), മുച്ചു മിതി (റോയിങ്), ടെച്ചി കാസോ (ഇറ്റാനഗർ) എന്നിവരാണ് വിജയിച്ച മറ്റ് എട്ട് ബിജെപി സ്ഥാനാർഥികൾ.
അതേസമയം 60 അംഗ അരുണാചൽ പ്രദേശ് നിയമസഭയുടെ അഞ്ച് വർഷത്തെ കാലാവധി ജൂൺ 2ന് അവസാനിക്കും. 24 കൗണ്ടിങ് കേന്ദ്രങ്ങളിൽ (48 കൗണ്ടിങ് ഹാളുകൾ) ഒരേസമയം 6 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചതായി അരുണാചൽ പ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫിസർ (സിഇഒ) പവൻ കുമാർ സെയ്ൻ പറഞ്ഞു. കനത്ത സുരക്ഷ സംവിധാനങ്ങൾ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തപാൽ ബാലറ്റുകൾ എണ്ണിയ ശേഷമാണ് ഇവിഎമ്മിൽ (ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ) പോൾ ചെയ്‌ത വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണലിനായി 2,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 27 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. 489 മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചു.
ഏപ്രിൽ 19ന് നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 78 ശതമാനവും നിയമസഭ തെരഞ്ഞെടുപ്പിൽ 83 ശതമാനവുമായിരുന്നു പോളിങ്. 50 നിയമസഭ സീറ്റുകളിലേക്ക് 133 സ്ഥാനാർഥികളും രണ്ട് പാർലമെൻ്റ് മണ്ഡലങ്ങളിലേക്ക് 14 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് പാർലമെൻ്റ് സീറ്റുകളിലെ വോട്ടെണ്ണൽ ജൂൺ 4ന് നടക്കും.
ALSO READ: എക്‌സിറ്റ് പോൾ ചർച്ചകളിൽ മുഴുവൻ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഇന്ത്യ മുന്നണി; തീരുമാനം ഏകകണ്‌ഠമായി