ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോൾ സുരക്ഷിതമാണെന്നും, പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മുഖ്യമന്ത്രിയെ മാറ്റാൻ കഴിയില്ലെന്നും കോൺഗ്രസ്സ്.
“സ്ഥിതി നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സുഖു സർക്കാർ സുരക്ഷിതമാണ്” ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി തജീന്ദർ പാൽ സിംഗ് ബിട്ടു ഇടിവി ഭാരതിനോട് പറഞ്ഞു.
കൂറ് മാറി വോട്ടുചെയ്ത ആറ് വിമത എംഎൽഎമാരെ പുറത്താക്കുകയും, അവരെ അയോഗ്യരാക്കുകയും, മന്ത്രി വിക്രമാദിത്യ സിംഗ് രാജി പിൻവലിക്കുകയും ചെയ്തതോടെ സുഖു സർക്കാരിലെ പ്രതിസന്ധി ഉടനടി അവസാനിച്ചതായാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന (Himachal Pradesh Politics).
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവരുടെ ഉപദേശപ്രകാരമായിരുന്നു ഈ നടപടികള്‍ സ്വീകരിച്ചത്. നേതാക്കളുടെ സംഘത്തെ ഫെബ്രുവരി 28ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഷിംലയിലേക്ക് അയച്ചത്.
പാർട്ടി നിലപാടിനെതിരെ വോട്ട് ചെയ്യുകയും രാജ്യസഭാ സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിംഗ്‌വിയുടെ തോൽവിക്ക് കാരണക്കാരുമായ ആറ് എംഎൽഎമാർക്കുള്ള ശക്തമായ നടപടിയാണ് പുറത്താക്കൽ, എന്നാൽ ഇത് മറ്റ് വിമതർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്, എഐസിസി സെക്രട്ടറി ചേതൻ ചൗഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു.
“എംഎൽഎമാർക്ക് മുഖ്യമന്ത്രിയോട് പകയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം, പക്ഷേ അവർ ബിജെപിയുടെ കൂടെ നിന്ന് കളിച്ച് കോണ്‍ഗ്രസ് പാർട്ടിക്കും, സർക്കാരിനും പ്രതിസന്ധി സൃഷ്‌ടിച്ചു. സുഖു സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതിയായിരുന്നു അത്. പക്ഷേ ഞങ്ങൾ ആ പദ്ധതിയെ പരാജയപ്പെടുത്തി. വിമതരെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പുറത്താക്കൽ. ഇതോടെ പ്രതിസന്ധി അവസാനിച്ചു,” ചൗഹാൻ പറഞ്ഞു.
അതേസമയം വിക്രമാദിത്യ സിങ്ങിന്‍റെ രാജി മുഖ്യമന്ത്രിക്കെതിരായ തുറന്ന കലാപമായി കാണുകയും പ്രശ്‌നം ഉള്ളിലാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി പിൻവലിക്കൽ ഇപ്പോൾ സംസ്ഥാന ഘടകത്തിൽ സാധാരണ നിലയുടെയും ഐക്യത്തിന്‍റെയും സന്ദേശമാണ് വെളിവാക്കുന്നതെന്നും ചേതൻ ചൗഹാൻ കൂട്ടിച്ചേര്‍ത്തു.
68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 40 എംഎൽഎമാരും, ബിജെപിക്ക് 25 എംഎൽഎമാരും, മൂന്ന് സ്വതന്ത്രരും ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കാലുമാറിയതോടെ ഹിമാചലിൽ കോൺഗ്രസ് സർക്കാരിന്‍റെ ഭാവി തുലാസിലായി. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു.
ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജന് 34 വോട്ട് നേടി. ആറ് കോൺഗ്രസ് വിമതരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും സഹായത്തോടെയാണ് ബിജെപി സ്കോർ ചെയ്തത്. കോൺഗ്രസിന് പ്രതീക്ഷിച്ചതിലും ആറ് വോട്ടുകൾ കുറഞ്ഞു.
തുടര്‍ന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‌വി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഇതോടെ കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചു. എന്നാല്‍ സഭയില്‍ പ്രതിഷേധിച്ചെന്ന കാരണത്താല്‍ പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഉള്‍പ്പടെയുള്ള 15 എംഎല്‍എമാരെ സ്പീക്കര്‍ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ പ്രദേശ് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കി.
ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത് (Himachal Pradesh Speaker Disqualifies Six Congress MLAs).
അന്യായമായ മാർഗങ്ങളിലൂടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമായാണ് ഹിമാചൽ പ്രദേശ് പ്രതിസന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. അയോഗ്യരാക്കപ്പെട്ട ആറ് ബിജെപി പിന്തുണയുള്ള വിമത എംഎൽഎമാർ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. സ്പീക്കർ തങ്ങളെ അയോഗ്യരാക്കിയതിനെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് എഐസിസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.