ചണ്ഡീഗഡ്: ഹരിയാനയിൽ നിന്നുളള ഹിസാർ ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാഷ്‌ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ ബിജെപിയിൽ നിന്നും രാജിവച്ചതെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു (Haryana BJP MP Brijendra Singh Join Congress).
നിർബന്ധിത രാഷ്‌ട്രീയ കാരണങ്ങളാൽ താൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെന്‍റ് അംഗമായി പ്രവർത്തിക്കാൻ തനിക്ക് അവസരം തന്ന പാർട്ടിയോടും ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
മുതിർന്ന നേതാക്കളായ അജയ് മാക്കൻ, ദീപക് ബാബരിയ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസ് പാർട്ടിയിൽ ചേർന്നത്.
അതേസമയം ഹിസാറിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഹിസാറിൽ നിന്നും ബിജെപി ടിക്കറ്റ് നൽകില്ലെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.
മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങിന്‍റെ മകനാണ് ബ്രിജേന്ദ്ര സിങ്. 2014ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ജനനായക് ജനതാ പാർട്ടി (JJP) സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലയെയും കോൺഗ്രസ്സിന്‍റെ ഭവ്യ ബിഷ്‌ണോയിയെയും 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹിസാറിൽ അദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.