ചെന്നൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം കെ സ്‌റ്റാലിൻ. തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോടുള്ള പരിഗണന കാണിക്കാറുള്ളുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാരണമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ധനവില കുറച്ചതെന്നും അദ്ദേഹം പറഞ്ഞു (MK Stalin Against BJP).
തെരഞ്ഞെടുപ്പ് വേളയിൽ മാത്രമേ ബിജെപി ജനങ്ങളോട് കരുതൽ കാണിക്കൂ, ഇപ്പോൾ പെട്രോൾ - ഡീസൽ വില കുറച്ചു, ഗ്യാസ് വില പോലും കുറച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ്. മോദി സർക്കാരാണ് വില വർധിപ്പിച്ചത്, എന്നാൽ വിലക്കയറ്റവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന രീതിയില്‍ അവർ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (UPA) സർക്കാരിനെ കൊള്ളയടിക്കാൻ മാത്രമാണ് അധികാരത്തിൽ വന്നത് എന്ന് തമിഴ്‌നാട് ബിജെപി മേധാവിയും കോയമ്പത്തൂരിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ ബുധനാഴ്‌ച (27-03-2024) പറഞ്ഞിരുന്നു. സഖ്യത്തെ നയിക്കുന്ന പാർട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സഖ്യ സർക്കാർ രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം വാദിച്ചു.
എല്ലാ സഖ്യ സർക്കാരുകളെയും ഞങ്ങൾ കണ്ടു. ഇന്ത്യയിൽ ഒരു സഖ്യസർക്കാർ ഉണ്ടായിട്ട് ഒരു പ്രയോജനവുമില്ല. 2004 എങ്ങനെയായിരുന്നുവെന്ന് നമ്മൾ മറക്കരുത്. അവർ (യുപിഎ) അധികാരത്തിൽ വന്നത് കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നും ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ അണ്ണാമലൈ പറഞ്ഞു.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം 400ൽ അധികം സീറ്റുകൾ നേടുമെന്നും അണ്ണാമലൈ സൂചിപ്പിച്ചു.
പ്രാദേശിക പാർട്ടികൾക്ക് വികസനം മനസ്സിലാകുന്നില്ലെന്നും മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിഎ സർക്കാരിൻ്റെ കാലത്ത് 2 ജി സ്‌പെക്‌ട്രം അഴിമതി നടന്നത് ഒരു പ്രാദേശിക പാർട്ടിയിലെ മന്ത്രിക്ക് ദുർബലനായ പ്രധാനമന്ത്രിയെ വളച്ചൊടിക്കാൻ കഴിയുമെന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.