പട്‌ന: ലാലു പ്രസാദ് യാദവിനെതിരെ ഭാരതീയ ജനതാ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ലാലു പ്രസാദ് യാദവ് തെരഞ്ഞെടുപ്പ് ചിഹ്നം അടയാളപ്പെടുത്തിയ ഷാളുമായി വോട്ടുചെയ്യാൻ പോയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. റാബ്‌റി ദേവിക്കും രോഹിണി ആചാര്യക്കുമൊപ്പം പട്‌ന വെറ്ററിനറി കോളജിലെ പോളിങ് ബൂത്തിലാണ് ലാലു പ്രസാദ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിലാണ് ലാലുവിനെതിരെ ബിജെപി പരാതി ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പില്‍ ആർജെഡിയുടെ ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് തന്‍റെ പാർട്ടിയായ ആർജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തൽ വിളക്ക് പതിപ്പിച്ച ഷാള്‍ കഴുത്തില്‍ ചുറ്റി പ്രദർശിപ്പിച്ചാണ് പോളിങ് ബൂത്തിലെത്തിയത്.
വോട്ട് ചെയ്യാൻ ലാലു അകത്ത് കയറിയപ്പോൾ, പോളിങ് ബൂത്തിൽ ആർജെഡിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത് ജനപ്രാതിനിധ്യ നിയമ വ്യവസ്ഥകൾക്ക് എതിരാണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ബിജെപി ചൂണ്ടികാട്ടി.
ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ 135-ാം വകുപ്പ് നിർദ്ദേശത്തിന്‍റെ ലംഘനമാണ്. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റവുമാണ്. അതുകൊണ്ട്, ആർജെഡി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ച് ബിജെപി.