സൂറത്ത്: സൂറത്ത് ലോക്‌സഭ മണ്ഡലത്തിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി. സൂറത്ത് ലോക്‌സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിൽ ഇതാദ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. സൂറത്ത് മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാർഥികളില്‍ ഏഴു പേരും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായപ്പോള്‍ പത്രിക പിൻവലിച്ചു. ഞായറാഴ്‌ചയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും ഫോമുകൾ തെരഞ്ഞെടുപ്പ് ഓഫീസര്‍ റദ്ദാക്കിയത്.
ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി പ്യാരേലാൽ മാത്രമാണ് അവശേഷിച്ചത്. എന്നാല്‍ അവസാന നിമിഷം പ്യാരേലാലും കളക്‌ടറേറ്റിലെത്തി ഫോം പിൻവലിച്ചതോടെ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ പ്യാരേലാലിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബിഎസ്‌പി പ്രവർത്തകർ തെരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2 മണിയോടെയാണ് പ്യാരേലാൽ പെട്ടെന്ന് കളക്‌ടറുടെ ഓഫീസിലെത്തി സ്ഥാനാർഥിത്വം പിൻവലിച്ചത്.
മുകേഷ് ദലാലിന് തെരഞ്ഞെടുപ്പ് ഓഫീസർ വിജയ സർട്ടിഫിക്കറ്റ് കൈമാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീലിന്‍റെ വസതിയിലാണ് വിജയിച്ച ശേഷം മുകേഷ് ദലാൽ ആദ്യം ചെന്നത്. പാട്ടീൽ മുകേഷ് ദലാലിന് ആശംസകൾ നേർന്നു.