റായ്‌ഗഡ് (ഛത്തീസ്‌ഗഡ്): ബിജെപിയും ആർഎസ്എസും രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ഡിഎൻഎയിൽ സ്നേഹം ഉള്ളപ്പോൾ ബിജെപിയും ആർഎസ്എസും വിദ്വേഷം പടർത്തുകയാണെന്ന് ഛത്തീസ്‌ഗഡിൽ പുനരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഗാന്ധി പറഞ്ഞു.
ഭാവി തലമുറയ്ക്കായി വിദ്വേഷവും അക്രമവും നിലനിൽക്കാത്ത ഒരു ഹിന്ദുസ്ഥാനെയാണ് തന്‍റെ പാർട്ടി ആഗ്രഹിക്കുന്നതെന്ന് റായ്‌ഗഡിലെ കേവ്ദാബാദി ചൗക്കിലെ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ഗാന്ധി പറഞ്ഞു. ഇപ്പോൾ വിദ്വേഷവും അക്രമവും രാജ്യത്തിന്‍റെ എല്ലാ കോണുകളിലും പടരുകയാണ്. ചിലർ ഭാഷയുടെ അടിസ്ഥാനത്തിലും മറ്റു ചിലര്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലും വിദ്വേഷം പ്രകടിപ്പിക്കുന്നു. ഇത്തരം ചിന്തകൾ രാജ്യത്തെ ദുർബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാപാർട്ടിയും രാഷ്‌ട്രീയ സ്വയംസേവക് സംഘും വിദ്വേഷം പടർത്തുകയാണ്. രാജ്യത്തിന്‍റെ ഡിഎൻഎയിൽ സ്നേഹമാണുള്ളത്. വ്യത്യസ്‌ത വിശ്വാസങ്ങളിൽ പെട്ടവരും വ്യത്യസ്‌ത ചിന്തകളുള്ളവരുമായ ആളുകൾ സ്നേഹത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു ജീവിക്കുന്നതായി ഗാന്ധി ഊന്നി പറഞ്ഞു.
സംഘർഷം രൂക്ഷമായ മണിപ്പൂരിൽ കഴിഞ്ഞ വർഷം മെയ് മുതൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തിട്ടും ഇതുവരെ സന്ദർശനം നടത്താത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ആഭ്യന്തരയുദ്ധം നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരിന് നിയന്ത്രണമില്ലെന്നും ഗാന്ധി അവകാശപ്പെട്ടു.
കുട്ടികൾക്ക് മധുരം നല്‍കിയ ഗാന്ധി ഒരു പെൺകുട്ടിയോട് നീതി വേണോ അനീതി വേണോ എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി നീതിയെന്ന് പെൺകുട്ടി മറുപടി പറയുകയും ഇന്ത്യയെ വളരെയധികം സ്നേഹിക്കുന്നതിനാൽ തനിക്ക് ഒരു 'മൊഹബത് കാ ഹിന്ദുസ്ഥാൻ' വേണമെന്ന് ഗാന്ധിയോട് പറയുകയും ചെയ്‌തു.
സൈനികരെ ഹ്രസ്വകാലത്തേക്ക് സായുധ സേനയിൽ റിക്രൂട്ട് ചെയ്യുന്ന അഗ്നിവീർ പ്രക്രിയയെ രൂക്ഷമായി വിമർശിച്ച ഗാന്ധി, 1.50 ലക്ഷം യുവാക്കൾക്ക് നീതി ലഭിക്കുമെന്നത് തന്‍റെ പാർട്ടി ഉറപ്പാക്കുമെന്ന് പറഞ്ഞു. എല്ലാ പ്രതിരോധ കരാറുകളും അദാനിക്കാണ് നൽകുന്നത്. ഈ വിഷയം പാർലമെന്‍റിൽ ഉന്നയിച്ചപ്പോൾ അംഗത്വം റദ്ദാക്കുകയും ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്‌തു. ആളുകളുടെ ഹൃദയത്തിൽ ജീവിക്കുന്ന എനിക്ക് അവരുടെ വീട് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14 ന് ജാർഖണ്ഡിൽ പ്രവേശിക്കുന്നതിന് മുമ്പ് റായ്‌ഗഡ്, ശക്തി, കോർബ, സൂരജ്‌പൂർ, സർഗുജ, ബൽറാംപൂർ ജില്ലകളിലൂടെ കടന്നുപോകുമ്പോൾ ഭാരത് ജോഡോ ന്യായ് യാത്ര ഛത്തീസ്‌ഗഡിൽ 536 കിലോമീറ്റർ സഞ്ചരിക്കും.