ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍ തുടരുമ്പോള്‍ ദേശീയ തലസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ഥികളുടെ ശക്തമായ മുന്നേറ്റം. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിച്ചെങ്കിലും നേട്ടവുമുണ്ടാക്കാനായില്ലെന്നതാണ് വാസ്‌തവം. ഏഴ് സീറ്റിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മദ്യനയ അഴിമതി കേസില്‍ തടവിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്നും പ്രചാരണത്തിനിറങ്ങിയിട്ടും ഫലമുണ്ടാകാത്തത് ദേശീയ തലസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രഭാവം മങ്ങിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കനയ്യ കുമാറിനെ പൂട്ടി മനോജ് തിവാരി: കോണ്‍ഗ്രസ് യുവ നേതാവ് കനയ്യ കുമാര്‍ മത്സരത്തിനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വോട്ടെണ്ണലിലേക്കും രാജ്യം ഉറ്റുനോക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തിയാണ് കനയ്യ കുമാറിന്‍റെ ലീഡ് നില.
എതിരാളിയായ ബിജെപിയുടെ മനോജ് തിവാരിയാണ് വോട്ടുകള്‍ തൂത്തുവാരി കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികമാണ് മനോജ് തിവാരിയുടെ ലീഡ്. മണ്ഡലത്തിലെ 55.4 ശതമാനം വോട്ടും ബിജെപിക്ക് ഇത്തവണ നേടാനായെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.
ആദ്യമായാണ് ഡല്‍ഹിയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും എഎപിയും കൈകോര്‍ത്തത്. ഇതിലൂടെ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പോലെ ഡല്‍ഹിയില്‍ ഇക്കുറിയും ബിജെപിയുടെ സമ്പൂര്‍ണ മുന്നേറ്റമാണുണ്ടായത്. മദ്യനയ അഴിമതി കേസിലെ അറസ്റ്റ് അടക്കം നിരവധി ഘടകങ്ങളാണ് ദേശീയ തലസ്ഥാനത്ത് എഎപിക്ക് തിരിച്ചടിയായത്.
പഞ്ചാബില്‍ മൂന്നിടങ്ങളില്‍ എഎപി: ദേശീയ തലസ്ഥാനത്ത് എഎപിക്ക് കാലിടറിയെങ്കിലും പഞ്ചാബില്‍ ലീഡുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മുന്നണികള്‍. വോട്ടെടുപ്പിന്‍റെ ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എഎപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡ് നില താളം തെറ്റി.
നിലവില്‍ പഞ്ചാബില്‍ എഎപിക്ക് 3 സീറ്റുകള്‍ മാത്രമാണ് അനുകൂലമായിട്ടുള്ളത്. ആനന്ദ്പുര്‍ സാഹിബ്, ഹോശിയാപുര്‍, സംഗ്‌രൂര്‍ എന്നിവിടങ്ങളിലാണ് എഎപി മുന്നേറി കൊണ്ടിരിക്കുന്നത്. ഡല്‍ഹി, ഹരിയാന, ഗോവ, ചണ്ഡീഗഢ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്ത്യ സഖ്യത്തോടൊപ്പവും പഞ്ചാബ്, അസം എന്നിവിടങ്ങളിലും ഒറ്റയ്‌ക്കുമാണ് എഎപി മത്സരത്തിനിറങ്ങിയത്. മദ്യനയ അഴിമതി കേസും സ്വാതി മലിവാളിന്‍റെ മര്‍ദന കേസുമെല്ലാം ആയിരിക്കാം ഇത്തവണ എഎപിക്ക് തിരിച്ചടിയായത്.
ഹരിയാനയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ്: ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് ഹരിയാനയിലും വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തവണ പത്തില്‍ പത്തും നേടി ബിജെപി ജയിച്ചയിടത്ത് ഇന്ന് അഞ്ചിടങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തിയിട്ടുള്ളത്. അംബാല വരുണ്‍ ചൗധരി, സിര്‍സയില്‍ സെല്‍ജ, സോനിപത്തില്‍ സത്‌പാല്‍ ബ്രഹ്മാചാരി, ഹിസാറില്‍ ജയപ്രകാശ്, റോഹ്‌തകില്‍ ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന സ്ഥാനാര്‍ഥികള്‍. 2019ലുണ്ടായ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വര്‍ധിപ്പിച്ചാണ് ബിജെപി സീറ്റുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഏക സീറ്റ് കോണ്‍ഗ്രസിന് നഷ്‌ടപ്പെട്ടത് 2014ലെ തെരഞ്ഞെടുപ്പിലായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്ത് പൂര്‍വ്വാധിക ശക്തിയോടെയാണ് മുന്നണി മുന്നേറിക്കൊണ്ടിരിക്കുന്നത്.
Also Read: ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം