ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി (Bihar CM Nitish Kumar Meets PM Modi). ഇന്ന് ഡല്‍ഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ജനുവരി 28 ന് ബിഹാറിൽ എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിതീഷ് കുമാർ നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്.
ഫെബ്രുവരി 12 ന് ബിഹാർ നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന സംഭവവികാസമാണ് കൂടിക്കാഴ്‌ച. മഹാഗത്ബന്ധൻ സഖ്യം ഉപേക്ഷിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചെത്തിയ ശേഷം ദേശീയ തലസ്ഥാനത്തെ തന്‍റെ ആദ്യ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെയും സന്ദര്‍ശിക്കും.
ബിജെപിയിൽ നിന്നുള്ള ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും തിങ്കളാഴ്‌ച (ഫെബ്രുവരി 5) പ്രധാനമന്ത്രിയെ സന്ദർശിച്ചു. ബിജെപിയുടെ ഉന്നത നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തേക്കുമെന്ന് ജെഡിയു വൃത്തങ്ങൾ അറിയിച്ചു. ബിഹാറിൽ ആറ് രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്, അതിനായി ഫെബ്രുവരി 27 ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്.
പട്‌നയിലെ രാജ്ഭവനിൽ ഒമ്പതാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തത്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് നിതീഷ് കുമാർ കക്ഷി മാറുന്നത്, ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായായിരുന്നു (എൻഡിഎ). ഒരു ദശാബ്‌ദത്തിനിടെ അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ ക്രോസ്ഓവർ ആണിത്.
ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും ബിജേന്ദ്ര പ്രസാദ് യാദവ്, സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങിയ ആറ് മന്ത്രിമാരും നേരത്തെ സത്യപ്രതിജ്ഞ ചെയ്‌തു.