നോർത്ത് ലഖിംപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ പര്യടനം തുടരും. ലഖിംപൂർ ജില്ലയിലെ ബോഗിനദിയിൽ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങിയത്. അസമിലൂടെയുള്ള മൂന്നാം ദിവസത്തെ പര്യടനമാണ് ഇന്ന് നടക്കുക.
യാത്രയിലുടനീളം നിരവധി പേരാണ് രാഹുലിനെ കാണാൻ വഴിയോരത്ത് തടിച്ചുകൂടുന്നത്. അസമിലൂടെ തുടരുന്ന യാത്രക്കിടെ പല സ്ഥലങ്ങളിലും വച്ച് രാഹുൽ വാഹനത്തിൽ നിന്നിറങ്ങി സാധാരണക്കാരുമായി ഇടപഴകി.
ഗോവിന്ദാപൂരിൽ (ലാലുക്ക്) ആണ് ഇന്ന് രാവിലെ ഇടവേളയെടുത്തത്. ഉച്ചയ്ക്ക് ശേഷം ഹർമുട്ടിയിൽ നിന്ന് യാത്ര പുനരാരംഭിച്ച് ഗുംതോ വഴി അരുണാചൽ പ്രദേശിൽ പ്രവേശിക്കും. അവിടെ പതാക കൈമാറൽ ചടങ്ങ് നടക്കും.
ഇന്നുതന്നെ അരുണാചലിലെ ഇറ്റാനഗറിലെ മൈഥുൻ ഗേറ്റിൽ നിന്ന് തുടങ്ങുന്ന ഒരു പദയാത്രയിൽ രാഹുൽ പങ്കെടുക്കും. അവിടെ നടക്കുന്ന ഒരു പൊതു പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതിനുശേഷം ഇറ്റാനഗറിനടുത്തുള്ള ചിമ്പു ഗ്രാമത്തിലാകും ഇന്നത്തെ വിശ്രമം.
നാളെ വീണ്ടും അസമിൽ പ്രവേശിച്ചശേഷം കാലിയബോറിൽ നടക്കുന്ന ഒരു റാലിയിലും രാഹുൽ പങ്കെടുക്കും. റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുനുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 25 വരെ അസമിലൂടെ പര്യടനം തുടരും. സംസ്ഥാനത്തെ 17 ജില്ലകളിലൂടെ 833 കിലോമീറ്റർ അതിനോടകം സഞ്ചരിക്കും.
67 ദിവസം കൊണ്ട് 6,713 കിലോമീറ്റര്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത് (Lok Sabha Election 2024). 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ ന്യായ് യാത്ര പര്യടനം നടത്തും. ഭാരത് ജോഡോ യാത്രയ്‌ക്ക് (Bharat Jodo Yatra) സമാനമായ രീതിയില്‍ ചലനം സൃഷ്‌ടിക്കാന്‍ ന്യായ് യാത്രയ്‌ക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കാത്തതിനാലാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ന്യായ് യാത്രയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
6,713 കിലോമീറ്റര്‍ ആണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. ഉത്തര്‍പ്രദേശിലാണ് ദൈര്‍ഘ്യമേറിയ പര്യടനം. 11 ദിവസം കൊണ്ട് സംസ്ഥാനത്ത് 1074 കിലോമീറ്റര്‍ സഞ്ചരിക്കും. അമേഠി, ഗാന്ധി കുടുംബത്തിന്‍റെ കോട്ടയായ റായ്‌ബറേലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി തുടങ്ങി സുപ്രധാന രാഷ്‌ട്രീയ മേഖലകളില്‍ ന്യായ് യാത്ര പര്യടനം നടത്തും.
കാല്‍നടയായും ബസിലും രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കും. 67 ദിവസങ്ങള്‍ കൊണ്ട് 110 ജില്ലകള്‍, 100 ലോക്‌സഭ മണ്ഡലങ്ങള്‍, 337 നിയമസഭ മണ്ഡലങ്ങള്‍ ചുറ്റി യാത്ര മാര്‍ച്ച് 20 ന് സമാപിക്കും. മുംബൈയിലാണ് സമാപനം.