ബെംഗളൂരു : കടം വീട്ടാൻ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണ മാല മോഷ്‌ടിച്ച കേസിൽ യുവതി അറസ്റ്റില്‍. ബെംഗളൂരു കെങ്കേരി കോണസാന്ദ്രയിൽ താമസിക്കുന്ന മോണിക്ക (24) ആണ് പിടിയിലായത്. മെയ് 10ന് വീട്ടുടമയായ ദിവ്യ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭർത്താവ് ഗുരുമൂർത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ദിവ്യയെ മോണിക്ക കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോലാർ ജില്ലക്കാരിയായ മോണിക്ക മൂന്ന് മാസമായി ദിവ്യയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഒരു വർഷമായി ഒരു കമ്പനിയിൽ ഡാറ്റ എൻട്രി ജോലി ചെയ്‌തിരുന്ന മോണിക്ക അടുത്തിടെ അത് ഉപേക്ഷിച്ചിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന അവള്‍ക്ക് വലിയ കട ബാധ്യതകള്‍ ഉണ്ടായിരുന്നു. മോണിക്കയ്ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നും അയാള്‍ പതിവായി വീട്ടിൽ വരാറുണ്ടെന്നും പോലീസ് പറയുന്നു.
നാലുമാസം മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവ്യയുടെ കുടുംബം ബംഗളൂരുവിലെ കോണസാന്ദ്രയിലാണ് താമസിക്കുന്നത്. ഇവരുടെ ഭർത്താവ് ഗുരുമൂർത്തി കെങ്കേരി ശിവനപാളയയിൽ സലൂൺ നടത്തുകയാണ്. ദിവ്യ വീട്ടമ്മയായിരുന്നു. മെയ് 10ന് രാവിലെ പതിവുപോലെ ഗുരുമൂർത്തി സലൂണിലേക്ക് പോയി. ഈ സമയം ദിവ്യ തനിച്ചാണെന്നറിഞ്ഞ മോണിക്ക വീടിനുള്ളിൽ കയറി ഉടമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതികൾ ഉടമയുടെ ശരീരത്തിൽ നിന്ന് 36 ഗ്രാമുള്ള സ്വർണമാല ഊരിയെടുത്തു.
തുടർച്ചയായി വിളിച്ചിട്ടും ദിവ്യ ഫോൺ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഗുരുമൂർത്തിയാണ് ഭാര്യ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നത്. ഭാര്യയുടെ കഴുത്തിൽ പാടുണ്ടായിരിക്കുകയും സ്വർണ മാല കാണാതിരിക്കുകയും ചെയ്‌തതിനെ തുടർന്ന് ഉടന്‍ പൊലീസിൽ വിവരമറിയിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ മോണിക്ക സത്യം വെളിപ്പെടുത്തി. പ്രതിയുമായി പ്രണയബന്ധമുള്ള യുവാവിന് ടാറ്റ എയ്‌സ് വാഹനം വാങ്ങുന്നതിനും തന്‍റെ കടം വീട്ടാനുമായാണ് യുവതി വീട്ടുടമയെ കൊലപ്പെടുത്തിയത്. ദിവ്യയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ച പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ALSO READ: പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയില്‍ കവര്‍ച്ച ; ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ മോഷണം