ഭുവനേശ്വർ : ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതിയായ മുക്തി രഞ്ജന് റേയെ ഇന്നലെ (സെപ്‌റ്റംബര്‍ 25) ഭദ്രക് ജില്ലയിൽ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തെ കുറിച്ച് പ്രതിപാദിക്കുന്ന, ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു ഡയറിയും ഒഡിഷ പൊലീസ് കണ്ടെടുത്തു.
'മുക്തി രഞ്ജൻ റേയുടെ മൃതദേഹം ഞങ്ങൾ കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു' എന്ന് ധുസുരി പൊലീസ് സ്റ്റേഷൻ ഐഐസി സന്തനു ജെന അറിയിച്ചു.
ഭുയിൻപൂർ സ്വദേശിയായ മുക്തി രഞ്ജൻ റേ (30) ആണ് യുവതിയുടെ കൊലപാതകത്തിന് പിന്നിലെന്ന് ഭദ്രക് എസ്‌പി വരുൺ ഗുണ്ടുപള്ളി പറഞ്ഞിരുന്നു. ബെംഗളൂരുവിൽ യുവതിയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് തന്‍റെ ഗ്രാമത്തിലേക്കാണ് ഇയാള്‍ ഒളിവില്‍ പോയത്.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒഡിഷയിലുളളതായി വിവരം ലഭിച്ചെന്നും അവിടേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കർണാടക പൊലീസിന്‍റെ പ്രതിനിധികള്‍ ഇതുവരെ ഒഡിഷയില്‍ എത്തിയിട്ടില്ലെന്ന് ഭദ്രക് പൊലീസ് അറിയിച്ചു. സന്ദേശം അയച്ചതായും ഭദ്രക് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശനിയാഴ്‌ചയാണ് യുവതിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയെ കാണാന്‍ അമ്മയും സഹോദരിയും മുന്നേശ്വരിലെ വയലിക്കാവിലെ വീട്ടിലെത്തിയപ്പോൾ ഫ്രിഡ്‌ജിന് പുറത്ത് പുഴുവരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് ഫ്രിഡ്‌ജിനുള്ളില്‍ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.