ബെംഗളൂരു (കർണാടക) : ജിആർ ഫാം ഹൗസിൽ ജന്മദിനാഘോത്തിന്‍റെ മറവിൽ ലഹരി ഉപയോഗിച്ച് റേവ് പാർട്ടിയിൽ പങ്കെടുത്തതിന് തെലുഗ് സിനിമ നടി ഉൾപ്പെടെ 8 പേർക്ക് ഹിയറിംഗിന് ഹാജരാകാൻ സിസിബി നോട്ടീസ് അയച്ചു. മെയ് 27-ന് കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്.
മേയ് 19 ന് രാത്രി ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ജിആർ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ സിസിബി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ആന്ധ്രപ്രദേശ് എംഎൽഎയുടെ പാസുള്ള ഒരു കാറിൽ ചില മയക്കുമരുന്ന് വസ്‌തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പാർട്ടിയിൽ പങ്കെടുത്ത 103 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. പാർട്ടി സംഘാടനത്തിന്‍റെ പേരിൽ വാസു, വൈഎം അരുൺകുമാർ, നാഗബാബു, രൺധീർ ബാബു, മുഹമ്മദ് അബൂബക്കർ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വൈദ്യപരിശോധന നടത്തിയവരിൽ 59 പുരുഷന്മാരും 27 സ്‌ത്രീകളും ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് കഴിച്ചതായി റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇവരിൽ 8 പേർക്കാണ് ഹിയറിംഗിന് ഹാജരാകാൻ സിസിബി നോട്ടീസ് നൽകിയത്.
പാർട്ടിയിൽ കൊക്കെയ്ൻ , എംഡിഎംഎ എന്നിവ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സിസിബി പൊലീസും ലോക്കൽ പൊലീസും ചേർന്നാണ് പാർട്ടി നടക്കുന്നതറിഞ്ഞ് റെയ്‌ഡ് നടത്തിയത്. പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്‍റെ സഹായവും മയക്കുമരുന്ന് കണ്ടെത്തുന്നതിന് ഉണ്ടായിരുന്നു.