ബെംഗളൂരു (കർണാടക): പരീക്ഷ ഫലത്തെ ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ മകള്‍ മരിച്ചു. ബെംഗളൂരു ബനശങ്കരി പൊലീസ് സ്‌റ്റേഷൻ പരിധിയിയിലെ സാഹിതി എന്ന 19കാരിയാണ് അമ്മയുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പത്മജയും (60) പരിക്കേറ്റ് ചികിത്സയിലാണ്.
സാഹിതിയും അമ്മ പത്മജയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പഠന കാര്യങ്ങളെ ചൊല്ലി അമ്മയും മകളും തമ്മിൽ വഴക്ക് പതിവായിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച മകളുടെ പിയുസി ഫലത്തിൽ അമ്മ പത്മജ തൃപ്‌തയായിരുന്നില്ല.
രണ്ട് വിഷയങ്ങളില്‍ സാഹിതി പരീക്ഷ എഴുതിയിരുന്നില്ല. ഇതോടെ, സാഹിതി പരീക്ഷയില്‍ പരാജയപ്പെട്ടത്. ഇക്കാര്യതത്തെ ചൊല്ലി ഇന്നലെ (ഏപ്രില്‍ 29) രാത്രി ഏഴുമണിയോടെയാണ് ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുന്നത്. വാക്കേറ്റം മൂർച്ഛിച്ചപ്പോൾ ഇരുവരും പരസ്‌പരം കുത്തുകയായിരുന്നു.
അമ്മയുടെ കുത്തേറ്റ് പരിക്ക് പറ്റിയ സാഹിതി വീട്ടില്‍ വച്ച് തന്നെ മരിക്കുകയായിരുന്നു. സാഹിതിയുടെ ദേഹത്ത് നാലോ അഞ്ചോ വശങ്ങളിലായി കുത്തേറ്റതായി കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ പത്മജയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബനശങ്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ഭരമപ്പ ജഗൽസർ അറിയിച്ചു.