പശ്ചിമ ബംഗാള്‍: തകരുന്ന ജനകീയ അടിത്തറ തിരികെ പിടിക്കാന്‍ പാര്‍ട്ടി ഘടനയില്‍ത്തന്നെ വലിയ മാറ്റത്തിനൊരുങ്ങുകയാണ് പശ്ചിമ ബംഗാളിലെ സിപിഎം.വിവിധ തലങ്ങളിലായി ഇപ്പോള്‍ നടന്നു വരുന്ന പാര്‍ട്ടി കമ്മിറ്റി യോഗങ്ങളില്‍ സംഘടനാ സംവിധാനം അഴിച്ചു പണിയുന്നതിനെപ്പറ്റ് ഗൗരവ ചര്‍ച്ച നടക്കുകയാണ്.നിലവിലുള്ള ഏരിയാ കമ്മിറ്റി സമ്പ്രദായം അവസാനിപ്പിച്ച് പഴയ ലോക്കൽ, സോണൽ കമ്മിറ്റികളിലേക്ക് മടങ്ങാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
കേരളത്തിലെ സി പിഎം സംഘടനാ സംവിധാനത്തില്‍ നിന്ന് വ്യത്യസ്‌തമാണ് ബംഗാളിലെ പാര്‍ട്ടി സംഘടനാ ശ്രേണി. കേരളത്തില്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ സംസ്ഥാന കമ്മിറ്റികളാണ് നിലവിലുള്ളത്. ബംഗാളിലും മുമ്പ് ബ്രാഞ്ച് ജില്ലാ കമ്മറ്റികള്‍ക്കിടയില്‍ രണ്ട് ഘടകങ്ങളുണ്ടായിരുന്നു. നേരത്തേ ഇവ ലോക്കല്‍, സോണല്‍ കമ്മിറ്റികളായിരുന്നെങ്കില്‍ ഏഴു വര്‍ഷം മുമ്പ് അവ പരിഷ്‌കരിച്ച് ഒറ്റ ഘടകമാക്കിയിരുന്നു. കേരളത്തിലേതു പോലെ ഏരിയാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കാന്‍ അന്ന് ബംഗാള്‍ ഘടകം തീരുമാനിക്കുകയായിരുന്നു.പക്ഷേ ഒരു വ്യത്യാസമുണ്ട്. ലോക്കല്‍ , സോണല്‍ കമ്മിറ്റികള്‍ ലയിപ്പിച്ചായിരുന്നു ഏരിയാ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. പല തലങ്ങളിലുള്ള ഘടകങ്ങള്‍ വരുന്നതു കാരണം പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഇഴഞ്ഞു നീങ്ങുന്നുവെന്നും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നുവെന്നുമായിരുന്നു അതിന് ബംഗാള്‍ ഘടകം നല്‍കിയ ന്യായം.ജില്ലാ കമ്മിറ്റികള്‍ക്കും പ്രാഥമിക പാര്‍ട്ടി ഘടകങ്ങളായ ബ്രാഞ്ച് കമ്മിറ്റികള്‍ക്കുമിടയില്‍ വിവിധ തട്ടുകളായി പാർട്ടിയെ തരം തിരിക്കുമ്പോള്‍ ഭാരവാഹികൾക്കിടയിൽ സുഗമമായ പ്രവർത്തത്തനം തടസമാകുന്നെന്നും ധാരാളം പ്രവര്‍ത്തനങ്ങള്‍ ചുവപ്പ് നാടയില്‍ കുടുങ്ങുന്നെന്നുമുള്ള വിലയിരുത്തലിലായിരുന്നു അന്നത്തെ മാറ്റം.
ഏഴ് വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടി ആ തീരുമാനം ഗുണം ചെയ്‌തില്ലെന്ന് വിലയിരുത്തുകയാണ്. തൊഴിലാളികളും കര്‍ഷകരും മറ്റ് ജനവിഭാഗങ്ങളുമടങ്ങുന്ന സാധാരണക്കാരുമായി പാര്‍ട്ടിയെ അടുപ്പിക്കുന്ന ഘടകങ്ങളെന്ന നിലയില്‍ ബ്രാഞ്ചുകള്‍ വളരെ പ്രധാന ഘടകങ്ങളാണെന്ന് ബംഗാള്‍ ഘടകം വിലയിരുത്തി.പരമാവധി 15 അംഗങ്ങള്‍ വരെയുള്ള ബ്രാഞ്ച് കമ്മിറ്റികള്‍ വര്‍ഷത്തില്‍ 12 തവണയെങ്കിലും യോഗം ചേരണമെന്നാണ് പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഇതിന്‍റെ പകുതി യോഗങ്ങള്‍ പോലും ബംഗാളിലെ ബ്രാഞ്ചുകളില്‍ നടക്കുന്നില്ലെന്ന് പ്ലീനം രേഖയില്‍ത്തന്നെ വ്യക്തമാക്കുന്നു.
പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളിലെ ചോര്‍ച്ചയും അനു നിമിഷം നഷ്‌ടമാകുന്ന രാഷ്‌ട്രീയ പ്രസക്തിയും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് സംഘടനാ രൂപത്തിലടക്കം മാറ്റത്തിന് ബംഗാള്‍ സിപി എം ഒരുങ്ങുന്നത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതിനായാണ് സംഘടനാ സംവിധാനം മാറ്റാന്‍ ആലോചിക്കുന്നത്. പുതിയ നിർദ്ദേശം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിലവിൽ പാർട്ടിയുടെ സംഘടനാ ശൃംഖലയില്‍ ബ്രാഞ്ച് കമ്മിറ്റിയാണ് ഏറ്റവും താഴെത്തട്ടിലുള്ളത്. ബ്രാഞ്ച് കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ഇടയിലുണ്ടായിരുന്ന ഏരിയ കമ്മിറ്റികള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശമാണ് ചര്‍ച്ച ചെയ്യുന്നത്. പകരം നേരത്തേ ഉണ്ടായിരുന്ന ലോക്കല്‍ സോണല്‍ കമ്മിറ്റികള്‍ പുന സ്ഥാപിക്കും.
താഴെത്തട്ടിലുള്ള പ്രശ്‌നങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് കാര്യക്ഷമമായി ഇടപെടാന്‍ ഏരിയാ കമ്മിറ്റി സംവിധാനം ഫലപ്രദമല്ലെന്ന് ഇപ്പോൾ തോന്നുന്നു എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം വ്യക്തമാക്കിയത്. വിഷയത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ പ്രകടനം ആരംഭിച്ചിട്ടുണ്ട്. അതേസമയം സാധാരണക്കാരിൽ നിന്നും അഭിപ്രായം തേടണമെന്ന് അലിമുദ്ദീൻ സ്ട്രീറ്റിലെ നേതാക്കൾ ആവശ്യപ്പെട്ടു.
പ്രാഥമിക ഘട്ടത്തിൽ ജില്ലയിൽ നിന്ന് റിപ്പോർട്ടുകൾ ശേഖരിച്ചതായാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. രണ്ടാം ഘട്ടത്തിൽ, ഈ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്ത പാർട്ടി പ്രവർത്തകർ, സമാന ചിന്താഗതിക്കാർ, അനുഭാവികൾ, ബൂത്ത് ഏജന്‍റുമാർ എന്നിവരിൽ നിന്നാണ് റിപ്പോർട്ടുകൾ ശേഖരിച്ചത്.
പാർട്ടിയുടെ രഹസ്യ പ്രവർത്തകരിൽ നിന്നാണ് മൂന്നാം ഘട്ട റിപ്പോർട്ട് എടുക്കുന്നത്. സംസ്ഥാനത്തിന്‍റെ മുഴുവൻ റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച നടത്തും.
ആഗസ്‌റ്റ് മൂന്നാം വാരം നാദിയ ജില്ലയിലെ കല്യാണിയിൽ ചേരുന്ന പാർട്ടിയുടെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ കമ്മിറ്റികളുടെ കൂടി അഭിപ്രായം സമാഹരിച്ച് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിൽ സംഘടന പുനഃക്രമീകരണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
'2011 മുതൽ സംഘടനാപരമായ ദൗർബല്യങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതായി ഞങ്ങൾ വിലയിരുത്തിയിരുന്നു. താഴേത്തട്ടിലുള്ള ബഹുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടാണ് ഒരു കാലത്ത് സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ സുദൃഢമാക്കിയിരുന്നത്. ആ ഇടപെടലിലും ബന്ധത്തിലുമാണ് പ്രശ്‌നം ഉണ്ടായതെന്ന് ആത്മപരിശോധനയ്ക്ക് ശേഷം ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ട് ആ അടിത്തറ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളാകും പാര്‍ട്ടി നടത്തുകയെന്ന് ഒരു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.