ചെന്നൈ : തെയ്‌നാംപേട്ട് മേഖലയില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് നേരെ ബിയര്‍ കുപ്പി ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞ ചെന്നൈ കണ്ണഗി നഗര്‍ സ്വദേശി ഗോവര്‍ധന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടിത്തിട്ടുണ്ട്.
ഇരുചക്ര വാഹനത്തില്‍ എത്തിയാണ് ഇയാള്‍ ബിയര്‍ കുപ്പികള്‍ എറിഞ്ഞത്. ആക്രമണത്തിന് പിന്നിലെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. തെയ്‌നാംപേട്ട് പൊലീസ് സ്റ്റേഷനില്‍ ഗോവര്‍ധനനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സംഭത്തിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ് പൊലീസ്. 'ഞങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ബിയര്‍ കുപ്പികള്‍ എറിഞ്ഞയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്' -സംഭവത്തില്‍ പ്രതികരിച്ച് ഡിഎംകെ നേതാവ് ആര്‍ എസ് ഭാരതി പറഞ്ഞു. 'ദൗര്‍ഭാഗ്യകരമായ സംഭവമാണ്. പൊലീസ് അന്വേഷിച്ച് സംഭവത്തിന് പിന്നിലെ കാരണം പുറത്തുകൊണ്ടുവരട്ടെ' -ഭാരതി കൂട്ടിച്ചേര്‍ത്തു.
ജൂലൈ അഞ്ചിന് ബിഎസ്‌പി അധ്യക്ഷനും ദലിത് പ്രവര്‍ത്തകനുമായിരുന്ന കെ ആംസ്‌ട്രോങ് അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം തമിഴ്‌നാട് രാഷ്‌ട്രീയം കലുഷിതമായിരുന്നു. ബിഎസ്‌പി പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയമാണെന്ന് പ്രത്യക്ഷമായി ബിഎസ്‌പി വിമര്‍ശിക്കുകയും ചെയ്‌തു.
അഭിഭാഷകനായിരുന്ന ആംസ്‌ട്രോങ് ജൂലൈ അഞ്ചിന് പെരമ്പൂരില്‍ വെട്ടേറ്റ് കൊല്ലപ്പെടുകയായിരുന്നു. കേസില്‍, 2023 ല്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്‍റെ സഹോദരന്‍ പൊന്നയ് ബാലു ഉള്‍പ്പെടെ ആറുപേര്‍ അറസിറ്റിലായിട്ടുണ്ട്.