ബംഗളൂരു (കർണാടക): ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ദാസറഹള്ളി സോണിലെ റോക്ക്‌ലൈൻ മാൾ സീൽ ചെയ്‌തു. വസ്‌തുനികുതി അടയ്ക്കാത്തതിനാണ് മാൾ സീൽ ചെയ്‌തത്. മുന്‍കൂര്‍ നോട്ടീസ് നൽകിയിട്ടും തുക നൽകാത്തതിനെ തുടർന്നാണ് നടപടി.
2011 മുതൽ 2022-23 വരെയുള്ള കാലയളവിൽ 11.51 കോടി രൂപ കുടിശികയാണ് നല്‍കാനുള്ളത്. ഡിമാൻഡ് നോട്ടീസ് നൽകുന്നതിന് മുമ്പ് ബിബിഎംപി ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്ന് ദാസറഹള്ളി സോൺ സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്ന് റോക്ക് ലൈൻ മാൾ ഉപരോധിച്ചു.
സോണൽ കമ്മീഷണർ പ്രീതി ഗെഹ്‌ലോട്ട്, സോണൽ ജോയിന്‍റ് കമ്മീഷണർ ബാലശേഖർ ദാസറഹള്ളി, സോണൽ ഓഫീസർമാർ, റവന്യൂ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മാർഷലുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വസ്‌തുനികുതി അടക്കാത്തതിന്‍റെ പേരിൽ ഏറെ നാളായി മാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്‌ച രാവിലെ മാളിലെത്തി ഉപഭോക്താവ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥാപനം സീൽ ചെയ്‌തു. ഷോപ്പിംഗ് മാളിന്‍റെ പ്രധാന കവാടവും പുറത്തേക്കുള്ള ഗേറ്റും ബിബിഎംപി സീല്‍ ചെയ്‌തു.