ന്യൂഡൽഹി : ബേസ്‌മെന്‍റുകളിൽ പ്രവർത്തിക്കുന്ന അനധികൃത കോച്ചിങ് സെന്‍ററുകൾക്കെതിരെ നടപടി ആരംഭിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). സിവിൽ സർവീസ് വിദ്യാര്‍ഥികളുടെ മരണത്തെ തുടർന്നാണ് നടപടി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന 13 കോച്ചിങ് സെന്‍ററുകൾ എംസിഡി സീൽ ചെയ്‌തു.
ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സീൽ ചെയ്‌തവയിൽ ഉൾപ്പെടുന്നു. ഈ കേന്ദ്രങ്ങൾ ബേസ്‌മെന്‍റുകളിൽ പ്രവർത്തിക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സീൽ ചെയ്യാൻ തീരുമാനിച്ചത്. ബേസ്മെന്‍റുകൾ പാർക്കിങ്ങിനും സംഭരണത്തിനും വേണ്ടിയുള്ളതാണ്, മറിച്ച് വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ല.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്‍ററുകളുടെ ബേസ്‌മെന്‍റുകൾ സീൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കി എംസിഡിയുടെ അഡിഷണൽ കമ്മിഷണർ താരിഖ് തോമസ് നടപടി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടു. കർശനമായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
ബയോമെട്രിക് എൻട്രിയും എക്‌സിറ്റ് പോയിന്‍റും വെള്ളപ്പൊക്കത്തിൽ തടസപ്പെട്ടതിനാൽ വിദ്യാർഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഈ ദാരുണമായ സംഭവം ഓൾഡ് രജീന്ദർ നഗറിലെ വിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദുരന്തത്തിന് ഉത്തരവാദികളായ അധികാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കോച്ചിങ് സെന്‍ററുകളുടെ കർശനമായ നിയന്ത്രണങ്ങൾ, വാടക നിയന്ത്രണ നടപടികൾ, കോച്ചിങ് സെന്‍ററുകൾക്ക് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ, വിദ്യാർഥികൾക്ക് പരാതി പരിഹാര സംവിധാനം എന്നിവ അവരുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഡ്രെയിനുകളുടെ തടസങ്ങളും എംസിഡി കണ്ടെത്തിയിട്ടുണ്ട്. റോഡരികിലെ കയ്യേറ്റങ്ങൾ ഓവുചാലുകൾ മൂടിക്കെട്ടിയതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
സമാനമായ ദുരന്തങ്ങൾ തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാന്‍ എംസിഡിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷ സാഹചര്യങ്ങളും വെള്ളക്കെട്ട് പ്രശ്‌നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.