അസം: സോഷ്യല്‍ മീഡിയയിലെ ഇന്ത്യ വിരുദ്ധ പോസ്റ്റിനെതിരെ ലവ് ഇമോജിയിലൂടെ പ്രതികരിച്ച ബംഗ്ലാദേശ് വിദ്യാര്‍ഥിനിയെ രാജ്യത്തേക്ക് തിരിച്ചയച്ചു. അസമിലെ സില്‍ചാറിലെ എന്‍ഐടിയിലെ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥിനിയായ മൈഷ മഹാജാബിയെയാണ് തിരിച്ചയച്ചത്. ഇന്നലെയാണ് (ഓഗസ്റ്റ് 28) വിദ്യാര്‍ഥിക്ക് നേരെ നടപടിയുണ്ടായത്.
കരിംഗഞ്ചിലെ സുതാർകണ്ടിയിലുള്ള ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴിയാണ് വിദ്യാര്‍ഥിനിയെ ബംഗ്ലാദേശിലേക്ക് അയച്ചത്.
പൊലീസിന്‍റെ പ്രതികരണം: വിദ്യാര്‍ഥിനിയെ ബംഗ്ലാദേശിലേക്ക് തിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് കച്ചാര്‍ പൊലീസ്. ഇത് നാടുകടത്തലല്ലെന്നും ബംഗ്ലാദേശ് സര്‍ക്കാരുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണെന്നും പൊലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. ഐസിപി വഴിയാണ് വിദ്യാര്‍ഥിനിയെ തിരിച്ചയച്ചതെന്നും എസ്‌പി വ്യക്തമാക്കി.
മൈഷ മഹാജാബി കഴിഞ്ഞ ദിവസമാണ് ഇന്ത്യ വിരുദ്ധ പോസ്റ്റിന് ലവ് ഇമോജിയിട്ട് പ്രതികരിച്ചത്. തന്‍റെ സീനിയറായിരുന്ന സഹദത്ത് ഹുസൈൻ ആൽഫിയുടെ ഫേസ് ബുക്ക് പോസ്റ്റിനാണ് മൈഷ പ്രതികരിച്ചത്. ആറ് മാസം മുമ്പാണ് സഹദത്ത് ഹുസൈൻ തന്‍റെ കോഴ്‌സ് പൂര്‍ത്തിയാക്കി ബംഗ്ലാദേശിലേക്ക് മടങ്ങിയത്. ഇയാള്‍ നിലവില്‍ ബംഗ്ലാദേശില്‍ തന്നെയാണുള്ളതെന്നും എസ്‌പി പറഞ്ഞു.
സംഭവത്തിന് പിന്നാലെ തന്‍റെ രാജ്യത്തേക്ക് മടങ്ങണമെന്ന് മഹാജാബി കോളജ് അധികൃതരോട് ആവശ്യപ്പെട്ടതായും എസ്‌പി പറഞ്ഞു. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ തിരികെ വരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് മഹത്ത പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള 70 വിദ്യാര്‍ഥികളാണ് കോളജില്‍ പഠിക്കുന്നത്. കോളജിലെത്തിയ താന്‍ ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് എസ്‌പി കൂട്ടിച്ചേര്‍ത്തു.