കൊൽക്കത്ത : കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവറുല്‍ അസിം അനാറിൻ്റെ ശരീര ഭാഗങ്ങൾക്കായുളള സിഐഡിയുടെ തെരച്ചില്‍ തുടരുന്നു. നേരത്തെ മുഖ്യപ്രതിയായ മുഹമ്മദ് സിയാം ഹുസൈനെ നേപ്പാൾ പൊലീസ് പിടികൂടി ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് സിഐഡി മുഹമ്മദ് സിയാമിനെ ചോദ്യം ചെയ്യുകയും അയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ജോല കനാലിന് സമീപത്ത് പരിശോധന നടത്തുകയും ചെയ്‌തു. തെരച്ചിലില്‍ ലഭിച്ച മനുഷ്യ അസ്ഥികളുടെ ഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൂടുതൽ തെളിവുകൾക്കായുളള തെരച്ചില്‍ തുടരുകയാണ്. കുറ്റകൃത്യം നടന്നിട്ട് ഏകദേശം ഒരു മാസം ആയതിനാല്‍ തളിവുകള്‍ കണ്ടെത്തുക പ്രയാസമാണ് എന്നാണ് സിഐഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ശരീരഭാഗങ്ങൾ കിട്ടാന്‍ സാധ്യതയുളള ചില സ്ഥലങ്ങൾ അന്വേഷണ സംഘം മനസിലാക്കിയിട്ടുണ്ട്. അവിടെയാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എംപിയുടെ അടുത്ത സുഹൃത്തും യുഎസ് പൗരനുമായ അക്തറുസമാൻ കുറ്റകൃത്യം നടത്തിയവര്‍ക്ക് അഞ്ച് കോടിയോളം രൂപ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നത് അവാമി ലീഗ് നേതാവായ അന്‍വറുല്‍ അസിം അനാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു എന്നാണ്.
വടക്കൻ കൊൽക്കത്തയിലെ ബാരാനഗർ നിവാസി ഗോപാൽ ബിശ്വാസ് നല്‍കിയ പരാതിയിലാണ് എംപിയ്ക്കായുളള തെരച്ചില്‍ തുടങ്ങിയത്. മെയ് 12 നാണ് ചികിത്സാർഥം അൻവറുല്‍ അസിം ഇന്ത്യയിൽ എത്തിയത്. സുഹൃത്ത് ഗോപാൽ ബിശ്വാസിന്‍റെ വീട്ടിലായിരുന്നു താമസം. ഡോക്‌ടറെ കാണണമെന്ന് പറഞ്ഞ് മെയ് 13 ന് ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ അന്‍വറുല്‍ അസിം മെയ് 18 ആയിട്ടും മടങ്ങിയെത്തുകയോ വിവരം അറിയിക്കുകയോ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
Also Read: വിമാനാപകടം: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ ഉൾപ്പടെ 10 പേർക്ക് ദാരുണാന്ത്യം