കൊൽക്കത്ത : ബംഗ്ലാദേശ് എംപി അൻവാറുൽ അസിം അനാറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ പശ്ചിമ ബംഗാൾ സിഐഡി വ്യാഴാഴ്‌ച (മെയ് 23) കസ്‌റ്റഡിയിലെടുത്തു. എംപിയെ ഒരു സ്‌ത്രീ പ്രലോഭിപ്പിച്ച് ന്യൂ ടൗണിലുള്ള ഫ്ലാറ്റിൽ എത്തിച്ച ശേഷം ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
കസ്‌റ്റഡിയിലെടുത്ത വ്യക്തി പശ്ചിമ ബംഗാളിലാണ് താമസിക്കുന്നത്. ഇയാൾ കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലയാളിയെ ഇയാള്‍ എന്തിന് കണ്ടുവെന്നോ ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്‌തത് എന്താണെന്നോ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണത്തിലേ ഇത് വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
കൊല്‍ക്കത്തയിലെ ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്ത യുഎസ് പൗരനാണ് കൊലപാതകം നടത്താന്‍ സുഹൃത്തിന് പണം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എംപിയുടെ അടുത്ത സുഹൃത്തായ ഇയാൾ കൃത്യം നടത്തിയവർക്ക് അഞ്ച് കോടിയോളം രൂപ നൽകിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ നിലവില്‍ യുഎസില്‍ ആണെന്നാണ് സൂചന.
ബംഗ്ലാദേശ് എംപി അവസാനമായി പോയ കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ഫ്ലാറ്റ് അതിന്‍റെ ഉടമയായ എക്‌സൈസ് വകുപ്പ് ജീവനക്കാരൻ എംപിയുടെ സുഹൃത്തിന് വാടകയ്ക്ക് നൽകിയിരുന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൻവാറുൽ അസിം അനാറിന്‍റെ സുഹൃത്തുമായി അടുപ്പമുണ്ടായിരുന്ന ഒരു സ്‌ത്രീയുടെ ഹണി ട്രാപ്പിലാണ് അദ്ദേഹം വീണതെന്ന് സൂചനയുണ്ട്. ന്യൂ ടൗണിലെ ഫ്ലാറ്റിലേക്ക് അനാറിനൊപ്പം ആ സ്‌ത്രീയും എത്തിയതാണ് വിവരം. എംപി ഫ്ലാറ്റിലെത്തിയതിന് തൊട്ടുപിന്നാലെ തന്നെ കൊലപാതകം നടന്നതായി തങ്ങൾ സംശയിക്കുന്നു എന്നും അധികൃതർ വ്യക്തമാക്കി.
ഒരു പുരുഷനും സ്‌ത്രീക്കുമൊപ്പം അനാർ ഫ്ലാറ്റിൽ പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. "ഇത് ആസൂത്രണ കൊലപാതകമാണ്. 5 കോടിയോളം രൂപയാണ് എംപിയുടെ പഴയ സുഹൃത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നല്‍കിയത്.
"സിസിടിവി ദൃശ്യങ്ങളിൽ, എംപി രണ്ട് പേരുമായി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതാണ് കാണുന്നത്. ഇരുവരും പിന്നീട് പുറത്തുവരുന്നതും അടുത്ത ദിവസം വീണ്ടും ഫ്ലാറ്റിൽ പ്രവേശിക്കുന്നതും അതിൽ കാണിക്കുന്നുണ്ട്. എന്നാൽ പിന്നീട് എംപിയെ കാണുന്നുണ്ടായിരുന്നില്ല," എന്ന് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇരുവരും ഫ്ലാറ്റിൽ നിന്ന് വലിയ ട്രോളി സ്യൂട്ട്കേസുമായി വരുന്നത് കണ്ടതായും പൊലീസ് കൂട്ടിച്ചേർത്തു.
മെയ് 13 ന് കൊൽക്കത്തയിൽ കാണാതായ അനാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കേസ് അന്വേഷിക്കുന്ന സംസ്ഥാന സിഐഡി ഉദ്യോഗസ്ഥർ, ന്യൂ ടൗണിലെ ഫ്ലാറ്റിനുള്ളിൽ രക്തക്കറ കണ്ടെത്തി, കൂടാതെ ശരീരഭാഗങ്ങൾ സൂക്ഷിക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന നിരവധി പ്ലാസ്‌റ്റിക് ബാഗുകളും അവിടെ നിന്നും കണ്ടെടുത്തു.
സാന്ദർഭിക തെളിവുകൾ സൂചിപ്പിക്കുന്നത് എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടു. അനാറിനെ കൊലപ്പെടുത്തിയ ശേഷം, കൊലപാതകികൾ മൃതദേഹം വികൃതമാക്കുകയും അസ്ഥികളിൽ നിന്ന് മാംസം വേർതിരിക്കുകയും മഞ്ഞൾപ്പൊടി തൂകി ശരീരം അഴുകുന്നത് വൈകിപ്പിക്കുകയും ചെയ്‌തതായി സംശയിക്കുന്നുവെന്നും അധികൃതർ സൂചിപ്പിച്ചു.
പൊലീസ് നല്‍കുന്ന വിവരപ്രകാരം, പിന്നീട് ശരീരഭാഗങ്ങൾ പ്ലാസ്‌റ്റിക് ബാഗുകൾക്കുള്ളിലും ട്രോളി ബാഗിലുമാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരത്തിന്‍റെ ചില ഭാഗങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നതായി സംശയമുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല അതിന്‍റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും, മറ്റ് ശരീരഭാഗങ്ങൾക്കായുള്ള തെരച്ചിൽ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വടക്കൻ കൊൽക്കത്തയിലെ ബാരാനഗർ നിവാസിയും ബംഗ്ലാദേശ് രാഷ്‌ട്രീയ നേതാവിന്‍റെ പരിചയക്കാരനുമായ ഗോപാൽ ബിശ്വാസ് മെയ് 18 ന് ലോക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ചികിത്സയ്ക്കായി മെയ് 12 ന് കൊൽക്കത്തയിൽ എത്തിയ എംപിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചത്.