നാഗോൺ: ബിഎസ്എഫ് ജവാന് 500 രൂപ കൈക്കൂലി നൽകി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. ബംഗ്ലാദേശിലെ സിൽഹെത് സ്വദേശിയായ ഹുമയൂൺ കബീറാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽ നിന്ന് ദാവ്കി അതിർത്തിയിലൂടെ അസമിലേക്ക് പ്രവേശിക്കുന്നതിനായി കൈക്കൂലി നൽകുകയായിരുന്നു.
ബുധനാഴ്‌ച (ഓഗസ്റ്റ് 07) രാത്രിയാണ് ഹുമയൂൺ നാഗോൺ പൊലീസിൻ്റെ പിടിയിലാകുന്നത്. ഓഗസ്റ്റ് 4 ന് ദാവ്കി അതിർത്തിയിലൂടെ അസമിലേക്ക് ബിഎസ്എഫ് ജവാന് 500 രൂപ കൈക്കൂലി നൽകിയാണ് അതിർത്തി കടന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അതിർത്തിയിലൂടെ അനധികൃതമായി പ്രവേശിക്കുകയും നാഗോണിലെ ഗെരുവതി എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തുവെന്ന് നാഗാവ് പൊലീസ് സൂപ്രണ്ട് സ്വപ്‌നീൽ ദേക പറഞ്ഞു.
ഇയാളുടെ പക്കൽ നിന്ന് ഒരു മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. സംഭവം വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അനധികൃതമായി അതിർത്തി കടക്കുന്നതിനായി കൈക്കൂലി വാങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.