മുംബൈ: താനെ ജില്ലയിലെ ബദ്‌ലാപൂരിലെ ഒരു സ്‌കൂളില്‍ രണ്ട് നഴ്‌സറി വിദ്യാർഥിനികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാരോപിച്ചുള്ള വ്യാപക പ്രതിഷേധം കണക്കിലെടുത്ത്, പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായും മിക്ക സ്‌കൂളുകളും അടച്ചിട്ടതായും അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്‌ച സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മൂന്നും നാലും വയസ് പ്രായമുള്ള രണ്ട് നഴ്‌സറി വിദ്യാര്‍ഥികളെ അറ്റന്‍ഡറാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കര്‍ശന നടപടി ആവശ്യപ്പെട്ട് ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ച പ്രതിഷേധക്കാർ ട്രെയിനുകള്‍ തടഞ്ഞു. പിന്നീട് കല്ലേറിലാണ് ഇതു അവസാനിച്ചത്. ബദ്‌ലാപൂരിന്‍റെ വിവിധ ഇടങ്ങളിലും കല്ലേറുണ്ടാവുകയും ആക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും നേരിയ ലാത്തി ചാർജ് നടത്തുകയും ചെയ്തു.
രോഷാകുലരായ പ്രതിഷേധക്കാർ ചില സ്വകാര്യ വാഹനങ്ങളും പൊലീസ് വാഹനങ്ങളും തകര്‍ത്തു. സംഭവത്തിൽ നിരവധി പൊലീസുകാർക്കും റെയിൽവേ ജീവനക്കാര്‍ക്കും പരിക്ക് പറ്റിയിരുന്നു. കൂടുതൽ സേന എത്തിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ച മന്ത്രി ഗിരീഷ് മഹാജൻ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് നൽകിരുന്നു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ജനക്കൂട്ടം തയ്യാറായില്ല. പിന്നീടാണ് പ്രതിഷേധം ആക്രമണങ്ങള്‍ക്ക് വഴിമാറിയത്. ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 38 ഓളം പേരെ അറസ്റ്റ് ചെയ്തതായും 2,000 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
നിരോധന ഉത്തരവുകളുടെ ലംഘനം, ആയുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരൽ, ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് എഫ്ഐആർ ഫയൽ ചെയ്‌തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മുൻകരുതൽ നടപടിയെന്ന നിലയിൽ, ബദ്‌ലാപൂരിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, കലാപ നിയന്ത്രണ സേന, റെയിൽവേ പൊലീസ്, ബദ്‌ലാപൂർ പൊലീസ് എന്നിവരെയാണ് നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിൽ വീഴ്‌ച വരുത്തിയതിന് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, ഒരു വനിത അറ്റൻഡർ എന്നിവരെ സ്‌കൂൾ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. സംഭവം അന്വേഷിക്കുന്നതിനായി മുതിർന്ന ഐപിഎസ് ഓഫീസർ ആർതി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉറപ്പുനൽകിയിട്ടുണ്ട്.