കോയമ്പത്തൂർ: 15 ദിവസം പ്രായമുളള കുട്ടിയെ തട്ടികൊണ്ടുവന്ന് വിറ്റ ബീഹാര്‍ സ്വദേശികളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. കോയമ്പത്തൂരിലെ സൂളൂരിന് അടുത്ത് ഹോട്ടൽ നടത്തുന്ന ബിഹാർ സ്വദേശികളായ മഹേഷ് കുമാറും അഞ്ജലിയും കുട്ടിയെ വിറ്റതായി ചൈൽഡ് ലൈന് പരാതി ലഭിച്ചിരുന്നു. പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ചൈൽഡ് ലൈന്‍ പൊലീസില്‍ പരാതി നൽകി. കേസ് അന്വേഷിച്ച പൊലീസ് വില്‍പന നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ജൂൺ മൂന്നിന് മഹേഷ് കുമാറിനെയും അഞ്ജലിയെയും പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കർഷകനായ വിജയന് 17 വർഷമായി കുട്ടിയില്ലെന്ന് അറിയാവുന്ന മഹേഷ് കുമാറും അഞ്ജലിയും അദ്ദേഹത്തോട് തങ്ങൾക്ക് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞുണ്ടെന്നും രണ്ടര ലക്ഷം രൂപ തന്നാല്‍ കുട്ടിയെ നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ അമ്മ പൂനം ദേവിയും ഇളയ മകൾ മേഘ് കുമാരിയും ചേർന്ന് ബീഹാറിൽ നിന്ന് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ സുലൂരിൽ കൊണ്ടുവന്ന് വില്‍ക്കുകയായിരുന്നു.
ബീഹാറിലെ നിർധന ദമ്പതികളിൽ നിന്ന് കുട്ടിയെ വാങ്ങി കൊണ്ടുവന്നാണ് വിറ്റത്. രണ്ടര ലക്ഷം രൂപ വില പറഞ്ഞിരുന്നെങ്കിലും ഒരു ലക്ഷത്തി എൺപതിനായിരം രൂപയ്ക്കാണ് കുട്ടിയെ വിറ്റതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടര്‍ന്ന് കര്‍ഷകനായ വിജയനെയും കഴിഞ്ഞ നാലിന് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സമാനമായി, കഴിഞ്ഞ വർഷം മറ്റൊരു പെൺകുഞ്ഞിനെ ആന്ധ്രയിൽ നിന്നുള്ള ലോറി ഡ്രൈവർക്ക് വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വേറെയും കുട്ടികളെ വിറ്റിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിറ്റ രണ്ട് കുട്ടികളെയും ചൈൽഡ് ലൈന്‍റെ സഹായത്തോടെ പൊലീസ് രക്ഷപ്പെടുത്തി സർക്കാർ അഭയകേന്ദ്രത്തിലാക്കി.