മുംബൈ: ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗത്തിന്‍റെ പേരിൽ വന്ന സോഷ്യൽ മീഡിയ പോസ്‌റ്റിന്‍റെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് മുംബൈ പൊലീസ്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരത്തിലൊരു പോസ്‌റ്റ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. 'ഷുബു ലോങ്കർ മഹാരാഷ്ട്ര' എന്ന ഐഡിയിൽ നിന്നാണ് പോസ്‌റ്റ് വന്നിരിക്കുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാനുമായും അധോലോക നായകന്മാരായ അനുജ് ഥാപ്പാനും ദാവൂദ് ഇബ്രാഹിമുമായുമുള്ള ബന്ധമാണ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോസ്‌റ്റിൽ പറയുന്നത്. 'ഞങ്ങൾക്ക് ആരുമായും ശത്രുതയില്ല. എന്നിരുന്നാലും സൽമാൻ ഖാനെയോ ദാവൂദ് സംഘത്തെയോ സഹായിക്കുന്നവർ തയ്യാറായിരിക്കണം. ഞങ്ങൾ ആദ്യം ആക്രമിക്കില്ല. പക്ഷെ ഞങ്ങളുടെ സഹോദരങ്ങളെ ആരെങ്കിലും കൊന്നാൽ തീർച്ചയായും ഞങ്ങൾ പ്രതികരിക്കും. ജയ് ശ്രീറാം, ജയ് ഭാരത്, രക്തസാക്ഷികൾക്ക് സല്യൂട്ട്' എന്നാണ് പോസ്‌റ്റിൽ കുറിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊലപാതകത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായി മുംബൈ പോലീസ് നേരത്തെ അറിയിച്ചിരുന്നു. അറസ്‌റ്റിലായ ഗുർമെയിൽ സിംഗ്, ധരംരാജ് കശ്യപ് എന്നീ രണ്ട് പ്രതികളെ മുംബൈയിലെ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കി. വെടിവെപ്പ് നടത്തിയ മൂന്നാമത്തെയാളായ ശിവകുമാറും ഹാൻഡ്‌ലറെന്ന് സംശയിക്കുന്ന നാലാമത്തെയാളും ഒളിവിലാണ്.
പ്രതികൾ മാസങ്ങളായി സിദ്ദിഖിയെ അദ്ദേഹത്തിൻ്റെ വസതിയിലും ഓഫീസിലും നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഇവർക്ക് 50,000 രൂപ വീതം മുൻകൂർ പ്രതിഫലമായി നൽകിയിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പ്രതികള്‍ക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ ബോളിവുഡ് നടന്‍ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ചില ബിഷ്‌ണോയി സംഘാംഗങ്ങൾ അറസ്‌റ്റിലായിരുന്നു. സംഭവത്തോടനുബന്ധിച്ച് സൽമാൻ ഖാന്‍റെ വീടിനും കനത്ത സുരക്ഷയാണ് മുംബൈ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read:ബാബ സിദ്ദിഖി കൊലപാതകം: പിസ്‌റ്റൾ എത്തിച്ചത് കൊറിയറിൽ, രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം