മുംബൈ: ഹിന്ദി ചലച്ചിത്ര മേഖലയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഇന്നലെ മുംബൈയിലെ ബാന്ദ്രയില്‍ വെടിയേറ്റ് മരിച്ച മഹാരാഷ്‌ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖി. കൊവിഡ് മഹാമാരിക്കാലത്ത് ജീവന്‍രക്ഷ ഔഷധങ്ങളെത്തിച്ചും അദ്ദേഹം കയ്യടി നേടി. മഹാമാരി രൂക്ഷമായിരിക്കെ ദുര്‍ലഭമായിരുന്ന മരുന്ന് അവശ്യക്കാര്‍ക്ക് അദ്ദേഹം എത്തിച്ച് നല്‍കി.
ബോളിവുഡ് താരങ്ങള്‍ അടക്കം സന്നിഹിതരാകുന്ന അദ്ദേഹത്തിന്‍റെ ഇഫ്‌താര്‍ വിരുന്നുകളും ഏറെ പ്രശസ്‌തമാണ്. ബാന്ദ്ര(വെസ്റ്റ്) സീറ്റിനെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിനിധീകരിച്ചു. മുംബൈയിലെ സുപ്രധാന മുസ്ലീം നേതാവായിരുന്ന അദ്ദേഹം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരുമായി ഏറെ അടുപ്പും സൂക്ഷിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അദ്ദേഹത്തിന്‍റെ മകന്‍ സീഷാന്‍ സിദ്ദിഖി നിലവില്‍ മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ച് ബാബ സിദ്ദിഖി എന്‍സിപിയിലേക്ക് ചേക്കേറിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള കക്ഷിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്‍റെ കാരണം പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയേ ഇല്ല. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്ന പ്രസ്‌താവനയില്‍ ഒതുക്കി സിദ്ദിഖി മൗനം പാലിച്ചു.
ഇദ്ദേഹം എന്‍സിപിയിലേക്ക് എത്തിയതോടെ അജിത് പവാര്‍ നയിക്കുന്ന എന്‍സിപി പക്ഷത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതല്‍ കരുത്തുണ്ടായി. ബൃഹത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍, പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷ വാര്‍ഡുകളില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഉപകരണമായി എന്‍സിപിക്ക് സിദ്ദിഖി.
തുടര്‍ച്ചയായ മൂന്ന് തവണയാണ് സിദ്ദിഖി എംഎല്‍എയായത്. 1999, 2004, 2009 വര്‍ഷങ്ങളിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2004 മുതല്‍ 2008 വരെ ഭക്ഷ്യ-പൊതുവിതരണ, തൊഴില്‍, ഔഷധ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേഷനംഗവുമായിരുന്നു.
മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് സമിതി സീനിയര്‍ വൈസ്‌പ്രസിഡന്‍റ്, മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പാര്‍ലമെന്‍ററി ബോര്‍ഡംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്‍റെ യാത്ര ഇന്ദിര, രാജീവ്, സഞ്ജയ് ഗാന്ധിമാരോടൊപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തനിക്ക് പിതൃതുല്യനാണ്. എന്നാല്‍ ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം എന്‍സിപിയിലേക്ക് ചേക്കേറും മുമ്പായി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന 48 വര്‍ഷത്തെ തന്‍റെ ജീവിതത്തില്‍ തന്നെ പിന്തുണച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല.
ഖേര്‍ നഗറിലെ മകന്‍റെ ഓഫീസിന് പുറത്ത് വച്ച് മൂന്ന് പേര്‍ ഇദ്ദേഹത്തെ വഴിയില്‍ തടഞ്ഞ് വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.