ന്യൂഡല്‍ഹി: ആയുഷിനെ ആധുനിക വൈദ്യശാസ്‌ത്രവുമായി കൂട്ടിയിണക്കിയാല്‍ നിര്‍ണായക ഫലങ്ങളുണ്ടാകുമെന്ന് ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച. മിക്സോപതി സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഈ പ്രസ്‌താവന.
രാജ്യത്തും ഏഷ്യയിലെ നമ്മുടെ ചില അയല്‍രാജ്യങ്ങളിലും നിലവിലുള്ള ആറ് ചികിത്സാരീതികളായ ആയൂര്‍വേദം, യോഗ, പ്രകൃതി ചികിത്സ,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചുരുക്കെഴുത്താണ് ആയൂഷ്(AYUSH). ആയുഷിനെ ആധുനിക വൈദ്യശാസ്‌ത്രവുമായി ബന്ധിപ്പിച്ചാല്‍ നിര്‍ണായക ഫലങ്ങളുണ്ടാകുമെന്ന് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനിക വൈദ്യശാസ്‌ത്രം നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാണ് ഓരോ ചികിത്സകളും സുരക്ഷിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നത്. ആയുഷില്‍ ഇതില്ലെന്നാണ് പ്രധാനമായും ഉയരുന്ന വാദം. എന്നാല്‍ ആയുഷിനെ കുറിച്ച് ലോകത്തെ പല പ്രമുഖ മാസികകളിലും വന്നിട്ടുള്ള പല പഠനങ്ങളും ഇവ എത്രമാത്രം ഫലപ്രദമാണെന്ന് അടിവരയിടുന്നുണ്ട്. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
മിക്‌സോപതിയെ ആധുനിക വൈദ്യശാസ്‌ത്രം എതിര്‍ക്കുന്നുവെന്നത് ശരിയാണ്. ആയുഷും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ചിലപ്പോഴോക്കെ രണ്ടും ഒന്നിച്ച് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് സമയത്ത് ഹോമിയോപ്പതിയും ആധുനിക മരുന്നുകളും ഒന്നിച്ച് ഉപയോഗിച്ചത് ഏറെ ഫലപ്രദമായിരുന്നു. യോഗയും ധ്യാനവും മാനസിക ആരോഗ്യത്തിന് ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.
ഇവയെല്ലാം ഇന്ത്യയുടെ സാംസ്‌കാരികവും പാരമ്പര്യവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ജീവിത ചര്യ ചിട്ടപ്പെടുത്തല്‍, പ്രകൃതിദത്ത പരിചരണങ്ങള്‍ എന്നിവ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഇവയ്ക്ക് യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. യോഗയും ആയൂര്‍വേദവും നമ്മുടെ ശാരീരിക മനസന്തുലനം സാധ്യമാക്കുന്നു. ഇവ ശീലിച്ചാല്‍ ശാരീരിക സ്ഥിതി മെച്ചപ്പെടും. അസുഖങ്ങള്‍ വരുന്നത് തടയാനുമാകും. ആയുഷിന് വിവിധ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെ്. ഇവ നേരിടാന്‍ ചില നയ രൂപീകരണത്തിന് ശ്രമിക്കുന്നുണ്ടെന്നും വൈദ്യ രാജേഷ് കൊട്ടേച വ്യക്തമാക്കി.
Also Read: മരുന്ന് ഇല്ലാത്തൊരു ലോകം സൃഷ്‌ടിക്കാം; ഇന്ന് ദേശീയ പ്രകൃതി ചികിത്സ ദിനം