ന്യൂഡല്‍ഹി: 500 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ ആദ്യമായി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദീപാവലി ആഘോഷിക്കുന്നത് ഈ വർഷമാണെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ദീപാവലിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറും രണ്ട് ദിവസത്തിനുള്ളിൽ നമ്മള്‍ ദീപാവലി ആഘോഷിക്കും, ഈ വർഷത്തെ ദീപാവലി പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മോദി പറഞ്ഞു.
500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിലെ തന്‍റെ മഹത്തായ ക്ഷേത്രത്തിൽ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ മഹത്തായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലി ആകട്ടെ, ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ തങ്ങൾ എല്ലാവരും ഭാഗ്യവാന്മാരാണെന്നും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ആശംസിച്ചു.
28 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് റെക്കോഡിടാൻ ബിജെപി സര്‍ക്കാര്‍
രാമക്ഷേത്രം തുറന്നതിന് പിന്നാലെ ആദ്യ ദീപാവലിയെന്ന തരത്തില്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സരയൂ നദിക്കരയിൽ ദീപാവലി ദിവസം 28 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ലോക റെക്കോഡ് സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്ന് യോഗി സർക്കാർ അറിയിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദ ദീപങ്ങളാകും തെളിയിക്കുകയെന്നും സര്‍ക്കാര്യ വ്യക്തമാക്കി. 30,000 വളണ്ടിയർമാർ ദീപങ്ങള്‍ തെളിയിക്കുന്നതില്‍ പങ്കാളികളാകും. 2000 ആളുകൾ ദീപങ്ങള്‍ തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദീപങ്ങള്‍ കൊണ്ട് പ്രത്യേകം സ്വാസ്‌തിക ചിഹ്നവും ഒരുക്കും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പുഷ്‌പാലങ്കാരങ്ങളും നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേക പുഷ്‌പാലങ്കാരത്തിനായി രാമക്ഷേത്രത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോ വിഭാഗവും പ്രത്യേകം അലങ്കരിക്കാൻ വളണ്ടിയര്‍മാര്‍ക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. 14 കോളജുകൾ, 37 ഇന്‍റര്‍ കോളജുകൾ, 40 എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നായി 30,000 സന്നദ്ധപ്രവർത്തകർ ഒരുക്കങ്ങളിൽ പങ്കാളികളാണെന്ന് ദീപോത്സവ ആഘോഷങ്ങളുടെ നോഡൽ ഓഫിസർ സന്ത് ശരൺ മിശ്ര പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകി ദീപോത്സവം
പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന്യം നൽകിയാണ് ദീപോത്സവം ഒരുക്കുന്നത്. കരിയും കറയും പിടിക്കാതെ ക്ഷേത്രത്തെ മലിനമാക്കാത്ത തരത്തിലാകും ദീപങ്ങളുടെ നിർമാണം. കാർബൺ കുറയ്‌ക്കുന്നതിന് തനതായ മെഴുക് വിളക്കുകൾ ഉപയോഗിക്കും. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമാണെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.
ദീപാവലി ആഘോഷത്തിൽ അയോധ്യയെ ഭക്തിയുടെയും ആത്മീയതയുടെയും കേന്ദ്രം എന്നതിലുപരി ശുചിത്വത്തിന്‍റെയും പരിസ്ഥിതി അവബോധത്തിന്‍റെയും മാതൃകയാക്കി മാറ്റാനാണ് ക്ഷേത്ര ട്രസ്‌റ്റ് പദ്ധതിയിടുന്നതെന്ന് പ്രസ്‌താവനയിലൂടെ അറിയിച്ചു.
ലൈറ്റിങ്, പ്രവേശന കമാന അലങ്കാരങ്ങൾ, സമഗ്രമായ ശുചീകരണം എന്നിവയുടെ മൊത്തത്തിലുള്ള മേൽനോട്ടം ബിഹാർ കേഡറിൽ നിന്ന് വിരമിച്ച ഐജി അഷു ശുക്ലയെ ഏൽപ്പിച്ചു. വർണാഭമായ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച 500 ഡ്രോണുകൾ ഉപയോഗിച്ച് അയോധ്യയില്‍ ലൈറ്റിങ് ഷോയും സംഘടിപ്പിക്കും. ഷോ 15 മിനിറ്റ് നീണ്ടുനിൽക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ക്ഷേത്രത്തിന്‍റെ 'ഭവൻ ദർശനത്തിനായി' ഒക്ടോബർ 29 മുതൽ നവംബർ 1 വരെ അർധരാത്രി വരെ തുറന്നിടാൻ തീരുമാനിച്ചു. സന്ദർശകർക്ക് ഗേറ്റ് നമ്പർ 4 ബിയിൽ (ലഗേജ് സ്കാനർ പോയിന്‍റ്) നിന്ന് ക്ഷേത്രം കാണാൻ സാധിക്കും. 'രാം ലല്ല ഒരു കൂടാരത്തിലാണെന്ന് മുമ്പ് തങ്ങൾ സങ്കടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, പുതിയ ക്ഷേത്രത്തിൽ നിന്ന് ആദ്യമായി രാംലല്ല ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്' അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിലെ രാജു ദാസ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.