ഗുവാഹത്തി: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കിയതോടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ബംഗ്ലാദേശിലെ പല ഹിന്ദുക്കളും ജീവന്‍ രക്ഷിക്കാനായി പലയാനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പലര്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കാമെന്ന് വാഗ്‌ദാനം ഉള്ളതിനാലാണ് പലരും ബംഗ്ലാദേശ് വിടുന്നതെന്നും ബംഗ്ലാദേശിലെ ദേശീയ ഹിന്ദു മഹാസഖ്യത്തിന്‍റെ ജനറല്‍ സെക്രട്ടറി അഡ്വ. ഗോവിന്ദ് ചന്ദ്ര പ്രമാണിക് പറയുന്നു.
ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങള്‍ പ്രമാണിക് ഇടിവി ഭാരതിന്‍റെ പ്രതിനിധി മാണിക് കെ ആര്‍ റായിയുമായി പങ്കുവച്ചു. ഇന്ത്യയില്‍ സിഎഎ നടപ്പാക്കിയതിനെ വിദ്വേഷത്തോടെയാണ് ബംഗ്ലാദേശിലെ മുസ്‌ലിങ്ങള്‍ വീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമത്തില്‍ മുസ്‌ലിങ്ങളെ ഒഴിവാക്കിയതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം വര്‍ഗീയത പടര്‍ത്തുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങളെ ഇവിടെ നിന്ന് ആട്ടിയോടിക്കുമെന്നൊരു അഭ്യൂഹവും ബംഗ്ലാദേശില്‍ പടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം തന്നെ വലിയ പ്രചാരം ലഭിച്ച നിയമത്തില്‍ ബംഗ്ലാദശിലെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ പ്രതികരണമൊന്നുമില്ല. 2014ന് മുമ്പ് ഇന്ത്യയിലേക്ക് പോയവര്‍ക്ക് മാത്രമാണ് പൗരത്വം ലഭിക്കുക എന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ളവര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കില്ല. എന്നാല്‍ നിയമം നിലവില്‍ വന്നതോടെ ഇവിടത്തെ ഹിന്ദുക്കള്‍ക്ക് വലിയ തോതില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബംഗ്ലാദേശ് ഒരു ഇസ്‌ലാമിക് രാജ്യമായതിനാല്‍ ഒരു സംഘം ഹിന്ദുക്കളുടെ മേല്‍ രാജ്യം വിടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവിടെ ഹിന്ദുക്കള്‍ വേണ്ട എന്നതാണ് അവരുടെ നിലപാട്.
ഔദ്യോഗികമായി ബംഗ്ലാദേശില്‍ 7.95 ശതമാനമാണ് ഹിന്ദുക്കള്‍ ഉള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിലുമേറെ ഹിന്ദുക്കള്‍ അവിടെയുണ്ട്. 2015ല്‍ 10.7 ശതമാനമായിരുന്നു രാജ്യത്തെ ഹിന്ദു ജനസംഖ്യ. മതപരിവര്‍ത്തനം മൂലമാണ് ഇപ്പോള്‍ ഹിന്ദുക്കളുടെ അംഗബലം കുറഞ്ഞിരിക്കുന്നതെന്നും പ്രാമാണിക് ചൂണ്ടിക്കാട്ടി. എന്നാല്‍ മതം മാറിയവരുടെ എണ്ണവും വളരെ കുറവാണ്. പലരും രാജ്യം വിട്ട് പോയതും എണ്ണം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
ബംഗ്ലാദേശ് വിട്ടവര്‍ പലരും ഇന്ത്യയിലേക്കാണ് അഭയം തേടിയെത്തിയിട്ടുള്ളത്. ഇപ്പോള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമം 200 ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഇരട്ടപൗരത്വം നല്‍കുന്നത് നല്ല കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയിലെത്തുന്നവര്‍ക്ക് നിയമപ്രകാരം പൗരത്വം ലഭിക്കില്ല. എന്നാല്‍ ഇരട്ട പൗരത്വമുണ്ടെങ്കില്‍ 1963 ല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ വിട്ടു പോയവര്‍ക്ക് ഇവിേടക്ക് തിരികെ വരാന്‍ കഴിയും. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ വരാന്‍ വിസ നിബന്ധന ഒഴിവാക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
1971ന് ശേഷം ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്ന് കേവലം നാലരക്കോടി ഹിന്ദുക്കള്‍ മാത്രമാണ് എത്തിയത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്ന ബംഗ്ലാദേശി ഹിന്ദുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു ജനതയുടെ എണ്ണത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 2.8 ശതമാനം കുറവുണ്ടായിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യം വിട്ട് പോകാന്‍ ആര്‍ക്കും താത്പര്യമില്ല. എന്നാല്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷിതത്വത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഒരു ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത തങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പാര്‍ലമെന്‍റില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് മാറ്റി വയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.