ന്യൂഡൽഹി : ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് നടപടികൾ വൈകിട്ട് ആറിന് അവസാനിക്കും. പശ്ചിമ ബംഗാളിലെ റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബഗ്‌ദ, മണിക്തല എന്നിവിടങ്ങളിലാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദ്‌രീനാഥ്, മംഗ്ലൗര്‍ പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, ഹാമിർപൂർ, നലഗഡ്, ബിഹാറിലെ രൂപൗലി തമിഴ്‌നാട്ടിലെ വിക്രവണ്ടി മധ്യപ്രദേശിലെ അമർവാര എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ഹിമാചൽ പ്രദേശ് : കാൻഗ്ര ജില്ലയിലെ ഡെഹ്‌റ സെഗ്‌മെന്‍റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കമലേഷ് (53), ബിജെപിയുടെ ഹോഷ്യാർ സിങ് (57), സ്വതന്ത്ര സ്ഥാനാർഥികളായ സുലേഖ ദേവി (59), അരുൺ അങ്കേഷ് സിയാൽ (34), അഭിഭാഷകനായ സഞ്ജയ് ശർമ (56) എന്നിവരാണ് മത്സരരംഗത്തുള്ളത്.
ബിജെപിയുടെ ആശിഷ് ശർമ (37), ഐഎൻസിയുടെ ഡോ. പുഷ്‌പീന്ദർ വർമ (48), സ്വതന്ത്ര സ്ഥാനാർഥികളായ പ്രദീപ് കുമാർ (58), നന്ദ് ലാൽ ശർമ (64) എന്നിവരാണ് ഹമീർപൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സര രംഗത്തുള്ളത്.
നളഗഡ് സെഗ്‌മെന്‍റില്‍ ഐഎൻസിയുടെ ഹർദീപ് സിങ് ബാവ (44), ബിജെപിയുടെ കെ എൽ താക്കൂർ (64), സ്വാഭിമാൻ പാർട്ടിയുടെ കിഷോരി ലാൽ ശർമ (46), സ്വതന്ത്ര സ്ഥാനാർഥികളായ ഗുർനാം സിങ് (48), ഹർപ്രീത് സിങ് (36), വിജയ് സിങ് (36) എന്നിവരാണ് മത്സരിക്കുന്നത്.
മൂന്ന് സ്വതന്ത്ര എംഎൽഎമാര്‍ സഭയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടര്‍ന്ന് ഹമീർപൂർ, നലഗഡ്, ഡെഹ്‌റ നിയമസഭ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പശ്ചിമ ബംഗാൾ : മണിക്താലയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുപ്‌തി പാണ്ഡെയ്‌ക്കെതിരെ ബിജെപി കല്യാൺ ചൗബേയെയാണ് രംഗത്തിറക്കിയത്. രണഘട്ട് ദക്ഷിണില്‍ മുകുത് മണി അധികാരിയെ ആണ് ടിഎംസി ബിജെപിക്കെതിരെ നിര്‍ത്തിയിരിക്കുന്നത്. ബാഗ്‌ദയിൽ മധുപർണ ഠാക്കൂറാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. റായ്‌ഗഞ്ചിൽ ടിഎംസി സ്ഥാനാർഥിക്കെതിരെ ബിജെപിയുടെ കൃഷ്‌ണ കല്യാണിയാണ് രംഗത്ത് ഉള്ളത്.
പഞ്ചാബ് : ജലന്ധർ വെസ്റ്റ് അസംബ്ലി സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ മൊഹീന്ദർ ഭഗതാണ് എഎപി സ്ഥാനാര്‍ഥി. സുരീന്ദർ കൗറാണ് കോൺഗ്രസ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആം ആദ്‌മി പാർട്ടി എംഎൽഎ ശീതൾ അംഗുറൽ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്. മാർച്ച് 28 ന് ആണ് അംഗുറൽ രാജിവച്ചത്. ഇതേ സീറ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ഇപ്പോള്‍ അംഗുറല്‍. മാർച്ചിൽ മുൻ എഎപി എംപി സുശീൽ കുമാർ റിങ്കുവിനൊപ്പമാണ് അംഗുറല്‍ രാജിവച്ചത്.