ഗുവഹാത്തി: അസമിലെ ജനതയെ ദുരുതത്തിലാഴ്‌ത്തി പ്രളയം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പെയ്‌ത കനത്ത മഴയെത്തുടർന്ന് പല ജില്ലകളിലും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രളയം ബാധിച്ച ജില്ലകളുടെ എണ്ണം 7 ൽ നിന്ന് 12 ആയി ഉയർന്നു.
സംസ്ഥാനത്തെ വെള്ളപ്പൊക്കം വിവിധ ജില്ലകളിൽ വീണ്ടും നാശം വിതച്ചിരിക്കുകയാണ്. അസം സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകൾ പ്രകാരം ഇന്നലെ രണ്ട് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി.
12 ജില്ലകളിൽ പ്രളയം: നിലവിൽ സംസ്ഥാനത്തെ 12 ജില്ലകൾ വെള്ളപ്പൊക്കത്തിലാണ്. കാംരൂപ്, കരിംഗഞ്ച്, ടിൻസുകിയ, ഗോലാഘട്ട്, ധേമാജി, മജുലി, കച്ചാർ, ലഖിംപൂർ, ദിബ്രുഗഡ്, ശിവസാഗർ, കൊക്രജാർ, ജോർഹട്ട് എന്നീ ജില്ലകളാണ് വെള്ളപ്പൊക്കത്തിൽപ്പെട്ടത്. 12 ജില്ലകളിലെ 36 റവന്യൂ സർക്കിളിലെ 671 വില്ലേജുകൾ പ്രളയബാധിതമാണ്.
നിരവധി നദികൾ അപകടരേഖയ്ക്ക് മുകളിൽ ഒഴുകുന്നു: കനത്ത മഴയെത്തുടർന്ന് നിരവധി നദികളിലും കൈവരികളിലും ജലനിരപ്പ് ഉയരുകയും വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. നിലവിൽ ദിബ്രുഗഡിലും നിമതിഘട്ടിലും ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അതുപോലെ, ശിവസാഗറിൽ ദിഖൗ നദിയും, ജിയാ ഭരാലിയിൽ ബേക്കി നദിയും, കരിംഗഞ്ചിൽ കുച്ചിയറ നദിയും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത് എന്ന് അധികൃതർ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽപ്പെട്ട് 2.5 ലക്ഷത്തിലധികം ആളുകൾ: ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 12 ജില്ലകളിലായി 2,62,186 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഇതിൽ 1,04,745 പുരുഷന്മാരും 93,322 സ്‌ത്രീകളും 64,119 കുട്ടികളും ഉൾപ്പെടുന്നു. ധേമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ വെള്ളപ്പൊക്കത്തിൽപ്പെട്ടിരിക്കുന്നത്. 69,252 ആളുകളെയാണ് അവിടെ പ്രളയം ബാധിച്ചത്. അതുപോലെ, കച്ചാറിൽ 61,895 പേരെയും, ടിൻസുകിയയിൽ 45,281 പേരെയും, മജുലിയിൽ 34,281 പേരെയും, കരിംഗഞ്ചിൽ 34,966 പേരെയും പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ കൃഷിഭൂമി: പ്രളയത്തിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,547 ഹെക്‌ടർ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചിരിക്കുന്നത്. ധേമാജി ജില്ലയിൽ 2438 ഹെക്‌ടർ കൃഷിഭൂമിയും പ്രളയത്തിൽ നശിച്ചു.
സംസ്ഥാനത്ത് 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിൽ നിലവിൽ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത് കരിംഗഞ്ച് ജില്ലയിലാണ്. 38 ക്യാമ്പുകളാണ് അവിടെ ആരംഭിച്ചത്. 2,593 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 1104 പുരുഷന്മാരും 866 സ്‌ത്രീകളും 622 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു.
രക്ഷാപ്രവർത്തനം തുടരുന്നു: വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എസ്‌ഡിആർഎഫ്, എൻഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, ലോക്കൽ അഡ്‌മിനിസ്ട്രേഷൻ, ഉൾനാടൻ ജലഗതാഗതം, സർക്കിൾ ഓഫിസ്, എന്നീ രക്ഷാപ്രവർത്തനങ്ങൾ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അടുത്തിടെ 218 ക്വിൻ്റൽ അരി, 39 ക്വിൻ്റൽ പരിപ്പ്, 12 ക്വിൻ്റൽ ഉപ്പ്, 76 ലിറ്റർ കടുകെണ്ണ എന്നിവ പ്രളയബാധിതർക്ക് വിതരണം ചെയ്‌തു.
ALSO READ: ആലപ്പുഴയിൽ കനത്ത മഴ: കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു